വികാസ് ദുബെ ഹരിയാനയിലെ ഹോട്ടലില്‍; റെയ്ഡിന് തൊട്ടുമുന്‍പ് രക്ഷപെട്ടു; ഏറ്റവും അടുത്ത കൂട്ടാളിയെ പൊലീസ് വെടിവച്ചുകൊന്നു

ഉത്തർപ്രദേശിലെ കാന്‍പുരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെ ഹരിയാനയിലുണ്ടെന്ന് സൂചന. ഫരീദാബാദിലുള്ള ഒരു ഹോട്ടലിൽ വികാസ് ദുബെ ഒളിവിൽ താമസിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച ഈ ഹോട്ടലിൽ പോലീസ് നടത്തിയ റെയ്‌ഡിൽ വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് തിരച്ചിലിനെത്തുന്നതിന് തൊട്ടുമുമ്പ് ദുബെയുമായി സാമ്യമുള്ള ഒരാൾ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞതായി ഹോട്ടൽ മാനേജർ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദുബെയുമായി സാമ്യമുള്ള ഒരാൾ മാസ്ക് ധരിച്ച് ഹോട്ടലിൽ എത്തിയിരുന്നുവെന്ന് കണ്ടെത്തി. ഇയാൾ കൊടുംകുറ്റവാളി വികാസ് ദുബെ തന്നെയാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു.

അതേസമയം കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളി അമർ ദുബെയെ പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നു. ബുധനാഴ്ച പുലർച്ചെ ഹാമിർപുരിൽ നടന്ന ഏറ്റുമുട്ടലിലാണ് അമർ ദുബെ കൊല്ലപ്പെട്ടത്. വെടിവെപ്പിനിടെ ഒരു പോലീസ് ഇൻസ്പെക്ടർക്കും പ്രത്യേക ദൗത്യ സംഘത്തിലെ ഒരു കോൺസ്റ്റബിളിനും പരിക്കേറ്റു.

കഴിഞ്ഞ വ്യാഴാഴ്ച എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികളിലൊരാളാണ് അമർ ദുബെയെന്ന് പോലീസ് പറഞ്ഞു. കാൻപുർ ബിക്രു ഗ്രാമത്തിൽ പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ബുധനാഴ്ച ഹാമിർപുർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്.

അമർ ദുബെയിൽനിന്ന് തോക്കുകളും ഒരു ബാഗും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഫൊറൻസിക് സംഘം ഏറ്റുമുട്ടൽ നടന്ന സ്ഥലം പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഹാമിർപുർ എസ്.പി. ശ്ലോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെയുടെ മറ്റൊരു കൂട്ടാളി ശ്യാമു ബാജ്പേയിയെയും പോലീസ് അറസ്റ്റ് ചെയ്തു. ചൗബേയ്പുർ പോലീസാണ് ഇയാളെ ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസങ്ങളിലായി വികാസ് ദുബെയുടെ മറ്റുചില കൂട്ടാളികളെയും പോലീസ് പിടികൂടിയിരുന്നു.

അതേസമയം, വ്യാഴാഴ്ച രാത്രി മുതൽ ഒളിവിൽപോയ വികാസ് ദുബെയെ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രത്യേക ദൗത്യ സംഘവും യു.പി. പോലീസിന്റെ 40 അന്വേഷണ സംഘങ്ങളും വികാസ് ദുബെയ്ക്കായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ തുടരുകയാണ്.

ദുബെയെ കണ്ടെത്താനുള്ള വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷികം ഒരു ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷമാക്കി തിങ്കളാഴ്ച വർധിപ്പിക്കുകയും ചെയ്തിരുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular