ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്‍വാങ്ങി

വാഷിങ്ടൺ: കൊറോണ കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി അമേരിക്ക പിന്‍വാങ്ങാന്‍ തീരുമാനിച്ചു. പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായി സിബിഎസ് ന്യൂസും ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു.

പിൻവാങ്ങൽ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തിങ്കളാഴ്ച മുതല്‍ പിന്‍വാങ്ങല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങിയതായുള്ള അറിയിപ്പ് കോണ്‍ഗ്രസ്സിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ആയ ബോബ് മെനന്‍ഡസ് ട്വീറ്റ് ചെയ്തു.

രാജ്യത്ത് ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ്‌ ലോകാരോഗ്യസംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇതിനോടകം തന്നെ മരണസംഖ്യ 1,30,800 കവിഞ്ഞു.

കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് നല്‍കി വരുന്ന സാമ്പത്തികസഹായം മെയ് മാസത്തില്‍ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാന്‍ അമേരിക്ക ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഡേറ്റ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കയും ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നത്. ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് അമേരിക്കയും ഇക്കാര്യം പരിഗണിക്കുന്നത്.

നേരത്തെ ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയുടെ പാത അമേരിക്ക പിന്തുടരണമെന്നും പല കോണുകളിൽ നിന്നും ആവശ്യമുയർന്നു. കൊവിഡ് വിഷയത്തിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. ചൈന മനപൂർവം തുറന്നുവിട്ട വൈറസാണ് കൊവിഡെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പലതവണ ആരോപിച്ചിരുന്നു. ഇതൊക്കെ മുൻനിർത്തിയാണ് പുതിയ സംഭവവികാസം.

FOLLOW US: pathram online

pathram:
Leave a Comment