സമ്പര്‍ക്കകേസുകള്‍ 60 % കേസുകളും അഞ്ച് ജില്ലകളില്‍ നിന്ന് ;18 കേസുകളുടെ ഉറവിടം ഇപ്പോഴും ദുരൂഹം

തിരുവനന്തപുരം: കേരളത്തിലെ മൊത്തം കോവിഡ് കേസുകളുടെ ഒരു ശതമാനത്തിലും താഴെ കേസുകളില്‍ മാത്രമാണ് ഉറവിടം കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ 5 വരെയുള്ള വിവിധ കണക്കുകളുടെ സഹായത്തോടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിനു പുറത്തുനിന്നെത്തിയവരില്‍ 4755 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3328 പേര്‍ വിദേശത്തുനിന്നും 1427 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായിരുന്നു.

പുറത്തുനിന്നെത്തിയവരില്‍ ഏറ്റവുമധികം രോഗികള്‍ മലപ്പുറത്താണ്. മലപ്പുറം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍നിന്നാണ് പുറത്തുനിന്നെത്തിയ കോവിഡ് രോഗികളില്‍ പകുതിയിലേറെ പേരും. മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലായി ആകെ 2486 പേര്‍ക്കാണ് ഇത്തരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ജൂലൈ 4 വരെ സമ്പര്‍ക്കത്തിലൂടെ കേരളത്തില്‍ 674 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ത്തന്നെ ഏറ്റവുമധികം പേര്‍ കണ്ണൂരിലാണ്. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 404 പേരും–60 ശതമാനം. മറ്റ് ഒന്‍പതു ജില്ലകളിലുമായി സമ്പര്‍ക്കത്തിലൂടെ ആകെ രോഗം ബാധിച്ചത് 270 പേര്‍ക്കു മാത്രം.

കേരളത്തില്‍ ഇതുവരെ 5622 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ ഉറവിടം അറിയാത്തത് 42 കേസുകള്‍ മാത്രം. അതായത് 0.74%. ഇതില്‍ 23 കേസുകളുടെ ഉറവിടം ഏറെക്കുറെ വ്യക്തമാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇവയിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്–13 പേര്‍. ഇടുക്കി–3, പത്തനംതിട്ട, കണ്ണൂര്‍–2 വീതം, കോഴിക്കോട്, പാലക്കാട്, കോട്ടയം–1 വീതം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

ഉറവിടം ഇപ്പോഴും അജ്ഞാതമായിരിക്കുന്ന 18 കേസുകളുണ്ട്. അവയില്‍ മൂന്നു വീതം കേസുകള്‍ തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ്. രണ്ടു വീതം കേസുകള്‍ കൊല്ലം, ഇടുക്കി ജില്ലകളിലും ഓരോ കേസ് വീതം തൃശൂരും കോഴിക്കോടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ എല്ലാ കോവിഡ് കേസുകളുടെയും ഉറവിടം കണ്ടെത്തിയിട്ടുണ്ട്. 18 കേസുകളുടെ ഉറവിടം ഇപ്പോഴും ദുരൂഹമായി തുടരുന്നതിന്റെ ആശങ്ക നിലനില്‍ക്കുകയാണ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment