ന്യൂഡൽഹി: റഷ്യയെ മറികടന്ന് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 24,248 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് 20000ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി വർധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 425 മരണം റിപ്പോർട്ട് ചെയ്തു. ഇതാടെ ആകെ മരണസംഖ്യ 19,693 ആയി ഉയർന്നു. നിലവിൽ 2,53,287 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. 4,24,433 പേർ ഇതുവരെ രോഗമുക്തരായി.
കോവിഡ് ബാധിതരിൽ നാലാം സ്ഥാനത്തുള്ള റഷ്യയിൽ 6.81 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29 ലക്ഷത്തോളം രോഗികളുള്ള അമേരിക്കയും 16 ലക്ഷത്തിലേറെ രോഗബാധിതരുള്ള ബ്രസീലുമാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍.
രാജ്യത്ത് കോവിഡ് കൂടുതൽ നാശം വിതച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 2.06 ലക്ഷം കടന്നു. 8822 പേർ ഇതുവരെ മരിച്ചു. തമിഴ്നാട്ടിൽ 1,11,151 രോഗികളാണുള്ളത്. ഡൽഹിയിൽ കോവിഡ് ബാധിതർ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 3000 കടന്നു.
FOLLOW US: pathram online
Leave a Comment