ടിക്ടോക് നിരോധിച്ചത് ഇന്ത്യന്‍ സര്‍ക്കാരല്ലേ. അതില്‍ ഞാനെന്തു ചെയ്യാന്‍?’ ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: ‘അവിടെ ടിക്ടോക് നിരോധിച്ചത് ഇന്ത്യന്‍ സര്‍ക്കാരല്ലേ. അതില്‍ ഞാനെന്തു ചെയ്യാന്‍?’ ലോക്ഡൗണ്‍ നാളുകളില്‍ ടിക്ടോക് വിഡിയോകളിലൂടെ ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിന്റെ ചോദ്യമാണിത്. ടിക്ടോക് നിരോധിച്ചതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായവരില്‍ ഒരാളായ വാര്‍ണര്‍, ഇതാദ്യമായാണ് ഇന്ത്യയില്‍ ടിക്ടോക് നിരോധിച്ച വിഷയത്തില്‍ പ്രതികരിക്കുന്നത്. വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയ്ക്കു താഴെ, ഇന്ത്യയില്‍ ടിക്ടോക് നിരോധിച്ച കാര്യം ഒരു ആരാധകന്‍ കമന്റായി ചേര്‍ത്തപ്പോഴാണ് വാര്‍ണര്‍ പ്രതികരിച്ചത്.

‘ടിക്ടോക് അവര്‍ നിരോധിച്ചിരിക്കാം. ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചതിന് ഞാനെന്തു ചെയ്യാന്‍. അത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഇന്ത്യയിലെ ജനങ്ങള്‍ ആ തീരുമാനത്തെ ബഹുമാനിച്ചേ മതിയാകൂ’ വാര്‍ണര്‍ മറുപടിയായി കുറിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ഡൗണിലായതോടെയാണ് വാര്‍ണര്‍ ടിക്ടോക്കില്‍ സജീവമായത്. ഇന്ത്യന്‍ ആരാധകരെ ഉന്നമിട്ട് വാര്‍ണര്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ അനവധിയാണ്. ഇന്ത്യന്‍ സിനിമകളിലെ പ്രശസ്തമായ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചും ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് ചുവടുവച്ചും വാര്‍ണറും കുടുംബവും ഒട്ടേറെ വിഡിയോകളാണ് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചെഹലും ടിക്ടോക്കില്‍ സജീവമായിരുന്നെങ്കിലും വാര്‍ണറിനു ലഭിച്ചയത്ര ജനപ്രീതി കിട്ടിയിരുന്നില്ല.

ഇതിനിടെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡേറ്റ ചോര്‍ത്തല്‍ ആരോപിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ടിക്ടോക്കും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ഇന്ത്യയില്‍ ടിക്ടോക് നിരോധിച്ചതിന്റെ ‘തിക്തഫലം’ ഏറ്റവും അനുഭവിച്ച ക്രിക്കറ്റ് താരമായും വാര്‍ണര്‍ മാറി. ടിക്ടോക് നിരോധിച്ചതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ വാര്‍ണറിനെ ട്രോളി വിവാദത്തില്‍ ചാടിയതും കഴിഞ്ഞ ദിവസമാണ്.

follow us pathramonline

pathram:
Related Post
Leave a Comment