തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ് സോൺ

തിരുവനന്തപുരത്ത് നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ് സോണാക്കി. പാളയം അയ്യന്‍കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ് സോണാക്കിയത്.

ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും മെഡിക്കല്‍ റെപ്പിനും ഉള്‍പ്പെടെ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യം. സമ്പര്‍ക്ക രോഗബാധ തുടര്‍ന്നാല്‍ നഗരം ഭാഗീകമായി അടച്ചിടാന്‍ ആലോചന. കണ്ടെയ്മെന്റ് സോണുകളില്‍ ഭക്ഷണവിതരണത്തിന് കോര്‍പ്പറേഷന്‍ വിലക്കേര്‍പ്പെടുത്തി. പൊലീസുകാരുള്‍പ്പെടെ രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരുടെ ഫലം ഇന്ന് പുറത്തുവന്നേക്കും.

തലസ്ഥാനം മുള്‍മുനയിലാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും സമ്പര്‍ക്ക രോഗബാധിതരുണ്ടായെന്നതിനൊപ്പം അവയില്‍ ഭൂരിഭാഗത്തിന്റെയും ഉറവിടം കണ്ടെത്താനുമായിട്ടില്ല. പൊലീസുകാരന് രോഗം വന്നതെവിടെ നിന്നെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതിരിക്കെ ഇന്നലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും മെഡിക്കല്‍ റെപ്പിനും മല്‍സ്യത്തൊഴിലാളിക്കും ഉള്‍പ്പെടെ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇവരില്‍ മൂന്ന് പേരുടെ ഉറവിടം അറിയാമെന്ന് മേയര്‍ അവകാശപ്പെട്ടെങ്കിലും ആരോഗ്യവകുപ്പ് ഉറപ്പിക്കുന്നില്ല.

ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരന്‍ പാളയം ഉള്‍പ്പെടെ നഗരഹൃദയ മേഖലകളിലാണ് ജോലി ചെയ്തതെന്നത്. അതിനാല്‍ സമ്പര്‍ക്കപട്ടിക വിപുലമായേക്കും. പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്പ് വിവിധ ആശുപത്രികളില്‍ പോയിട്ടുളളതിനാല്‍ ഡോക്ടര്‍മാരടക്കം ഒട്ടേറെ ആരോഗ്യപ്രവര്‍ത്തകരും ക്വാറന്റീനിലാകേണ്ടിവരും. കുമരിച്ചന്ത മാര്‍ക്കറ്റിലാണ് വീണ്ടും മല്‍സ്യത്തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന മറ്റൊരാള്‍ക്കും പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചതോടെ തീരദേശ മേഖലയില്‍ സ്ഥിതി സങ്കീര്‍ണമായി. പൂന്തുറ കേന്ദ്രീകരിച്ച് പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി പ്രതിരോധം ഏകോപിപ്പിക്കാനാണ് കോര്‍പ്പറേഷന്റെ ശ്രമം. ഇതോടൊപ്പം മറ്റ് നിയന്ത്രണങ്ങളും കടുപ്പിച്ചു.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വിലക്കിയതിനൊപ്പം ഇത്തരം ഇടപാടുകള്‍ പൂര്‍ണമായി ഡിജിറ്റലാക്കാനും നിര്‍ദേശിച്ചു. പൊലീസുകാരന്റെ രോഗബാധയേ തുടര്‍ന്ന് 103 പൊലീസുകാരുടെ സ്രവം ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ രോഗികളുടെ സമ്പര്‍ക്കപട്ടികയില്‍പെട്ടവരുടെ ഫലം ഇന്ന് മുതല്‍ വന്ന് തുടങ്ങുന്നതനുസരിച്ചിരിക്കും തലസ്ഥാന നഗരത്തിന്റെ ഗതി നിശ്ചയിക്കുക.

Follow us on pathram online

pathram desk 2:
Leave a Comment