ഷംന കാസിം കേസ്; പൊലീസിനെതിരേ പ്രതിയുടെ ഭാര്യ; തന്നെയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നും പരാതിക്കാരി പറഞ്ഞു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും എന്നാല്‍ പൊലീസ് പ്രതിയാക്കുമെന്ന് ആശങ്കയുണ്ടെന്നും ഷെരീഫിന്റെ ഭാര്യ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇവരോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഷംന കാസിം ബ്ലാക് മെയിലിംഗ് കേസിൽ ജാമ്യം കിട്ടിയ പ്രതികൾ വീണ്ടും അറസ്റ്റിലായി. മോഡലുകളായ പെൺകുട്ടികളെ തടഞ്ഞുവെച്ച കേസിലാണ് ഇപ്പോൾ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരസ്യ ചിത്രത്തിന് എന്ന പേരിൽ വാളയാറിൽ തടഞ്ഞു വെച്ചു എന്നാണ് കേസ്.

ഷംന കേസിൽ ഇന്നലെ ഇവർക്ക് ജാമ്യം ലഭിച്ചത് വലിയ തോതിൽ ആക്ഷേപമുയർന്നിരുന്നു. എറണാകുളം സെഷൻസ് കോടതിയാണ് ഇന്നലെ മൂന്നു പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ശരത്, മുഹമ്മദ് ഷരീഫ്, അബുബക്കർ എന്നിവർക്കാണ് ഷംന കാസിമിന്റെ കേസിൽ ജാമ്യം ലഭിച്ചത്. എന്നാൽ മറ്റു കേസുകളിൽ ഇന്നലെ രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് ഈ കേസുകളിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കൂടുതൽ പ്രതികളുടെ ജാമ്യാപേക്ഷ വരും ദിവസങ്ങളിൽ കോടതിയ്ക്ക് മുന്നിലെത്തും.

മുൻപ് ക്രിമിനൽ കേസുകളിൽ പ്രതികളല്ല, ബ്ലാക് മെയിൽ കേസിലെ സൂത്രധാരരല്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതികൾക്കു ജാമ്യം ലഭിക്കാൻ കാരണമായത്. ആ പഴുതുകൾ അടച്ചായിരിക്കും ഇനി അന്വേഷണ സംഘത്തിന്റെ നീക്കം. വരൻറെ അച്ഛനായി ഷംനയെ വിളിച്ച അബുബക്കർ രോഗിയാണെന്നതും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശവും പ്രതികൾക്ക് തുണയായിരുന്നു.

ആലുവ സബ് ജയിലിലായിരുന്ന അബുബക്കറെയും കോവിഡ് സെൻ്ററിൽ നിരീക്ഷണത്തിലായിരുന്ന മറ്റ് രണ്ട് പ്രതികളെയും രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ വരൻ്റെ ബന്ധു എന്ന വ്യാജേന ഷംനയെ വിളിച്ച സ്ത്രീയോടും തട്ടിപ്പ് സംഘത്തിനൊപ്പം ഷംനയുടെ വീട്ടിലെത്തിയ ഏഴ് വയസുകാരിയായ കുട്ടിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഷംനയെ വിളിച്ച സ്ത്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

follow us pathramonlie

pathram:
Related Post
Leave a Comment