ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം; സിപിഎം സെക്രട്ടേറിയറ്റില്‍ പച്ചക്കൊടി

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിന് സിപിഎം സെക്രട്ടേറിയറ്റില്‍ പച്ചക്കൊടി. യു.ഡി.എഫിലുണ്ടായ രാഷ്ട്രീയപ്രതിസന്ധി പ്രയോജനപ്പെടുത്താന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തെ എതിര്‍ക്കുന്ന സി.പി.ഐക്കെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

ജോസ് വിഭാഗത്തെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്നോടിയായി സി.പി.ഐയടക്കമുള്ള ഘടകകക്ഷികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തീരുമാനമായി. സി.പി.ഐയുമായി ആദ്യം ഉഭയകക്ഷിചര്‍ച്ച നടത്തും. എല്‍.ഡി.എഫില്‍ എത്തിയാല്‍ ജോസ് വിഭാഗത്തിനു പാലാ സീറ്റ് വിട്ടുനല്‍കേണ്ടിവരും. അതിന് എന്‍.സി.പിയേയും സിറ്റിങ് എം.എല്‍.എ. മാണി സി. കാപ്പനേയും അനുനയിപ്പിക്കേണ്ടിവരും.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അഭിമുഖീകരിക്കുമ്പോള്‍, ബൂര്‍ഷ്വാ പാര്‍ട്ടികളിലെ ഭിന്നത പരമാവധി മുതലെടുക്കണമെന്നു യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ധാര്‍മികതയേക്കാള്‍ പ്രായോഗികരാഷ്ട്രീയത്തിനാണ് ഊന്നല്‍. അടിയന്തരാവസ്ഥക്കാലത്തു കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നിട്ടും സി.പി.ഐയുമായി പിന്നീടു യോജിച്ചത് ചിലര്‍ ചൂണ്ടിക്കാട്ടി.

follow us pathramonline

pathram:
Related Post
Leave a Comment