മുംബൈയില്‍ നിന്നും ട്രെയിനില്‍ വന്നിറങ്ങിയ നാടോടി സ്ത്രീയും കുഞ്ഞും ; സ്ത്രീയ്ക്ക് മാനസികാസ്വാസ്ഥ്യം, കോവിഡ് ഭയം കുഞ്ഞിനെ എടുക്കാന്‍ ആരും കൂട്ടാക്കിയില്ല; വാരിയെടുത്തത് തഹസീല്‍ദാര്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിന്നും ട്രെയിനില്‍ വന്നിറങ്ങിയ നാടോടി സ്ത്രീയും കുഞ്ഞും തണലൊരുക്കി താഹസില്‍ദാര്‍. തലസ്ഥാനത്ത് ട്രെയിനില്‍ വന്നിറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും തണലൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നിറയുകയാണ്. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്.

മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടോടി സ്ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീ പ്ലാറ്റ്ഫോമില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വിവരം തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. സ്ത്രീയെ ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോവിഡ് പേടിച്ച് കുഞ്ഞിനെ എടുക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്നായിരുന്നു സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസില്‍ദാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന സ്ത്രീ ജനറല്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment