ഇനി ആരുടേയും നമ്പര്‍ ചോദിച്ച് വിളിക്കരുത്…..പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍… ഷാജി പട്ടിക്കര

ഇനി സിനിമാ മേഖലയിലെ ആരുടേയും നമ്പര്‍ ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് പ്രെകഡക്ഷന്‍ കണട്രോളര്‍ ഷാജി പട്ടിക്കര. നടി ഷംനാ കാസീമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകരുത് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

സിനിമാക്കാരുടെ നമ്പറുകള്‍ കൈവശം ഉള്ളതിനാല്‍ ആള്‍ക്കാര്‍ നമ്പറിനായി തന്നെ സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വയം ഒരു നേട്ടവും ഇല്ലാത്ത കാര്യമായിട്ടും മറ്റുള്ളവര്‍ക്ക് ഒരു ഉപകാരം എന്ന നിലയില്‍ ചെയ്തിരുന്ന കാര്യം തനിക്കും കുടുംബത്തിനും മനോവിഷമം ഉണ്ടാക്കും വിധം വിവാദത്തിലേക്ക് നീങ്ങുകയും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട ഗതികേടില്‍ ആയിരിക്കുകയാണെന്നും പറയുന്നു. ഇനി ആര്‍ക്കും മറ്റുള്ളവരുടെ ഫോണ്‍നമ്പുറകള്‍ കൈമാറില്ലെന്നും ഇനി നമ്പരുകള്‍ക്കായി തന്നെ വിളിക്കരുതെന്നുമാണ് ഫേസ്ബുക്കിലെ അപേക്ഷ.

സിനിമാപ്രവര്‍ത്തകര്‍ക്ക് അല്ലാത്തവര്‍ക്ക് ഇനിമുതല്‍ നമ്പറുകള്‍ കൈമാറേണ്ടതില്ലെന്ന തീരുമാനം സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മ എടുത്തതിന് പിന്നാലെയാണ് പോസ്റ്റ്. ഷംനാ കാസീമിന്‍െ്റ കേസില്‍ നിര്‍മ്മാതാക്കളെന്ന് പറഞ്ഞ് സമീപിച്ച തട്ടിപ്പുകാര്‍ക്ക് ഷംനയുടെ നമ്പര്‍ നല്‍കിയത് ഷാജി പട്ടിക്കര ആണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഷാജി പട്ടിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ

പ്രിയപ്പെട്ടവരേ,

ഇനി ആരുടേയും നമ്പര്‍ ചോദിച്ച് വിളിക്കരുത്…..

സിനിമയില്‍ എത്തപ്പെട്ട കാലം മുതല്‍ ഇന്നുവരെ ആര് ചോദിച്ചാലും എന്റെ കയ്യിലുള്ള ഫോണ്‍ നമ്പര്‍ – അത് താരങ്ങളുടേതായാലും, സാങ്കേതിക
പ്രവര്‍ത്തകരുടേതായാലും നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തിയ ഒരാളാണ് ഞാന്‍.

പലപ്പോഴും പലരും ഉദ്ഘാടനങ്ങള്‍, സ്റ്റേജ് ഷോകള്‍, ആശംസകള്‍ പറയുന്നതിന്, അല്ലെങ്കില്‍ പുതിയ പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിന്
ഒക്കെയാണ് നമ്പരുകള്‍ വാങ്ങിയിരുന്നത്.

അങ്ങനെ നമ്പര്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് ഫിലിം ഡയറക്ടറി എന്ന ആശയം മനസ്സിലുദിച്ചതും, ഞാനും പ്രിയ സുഹൃത്ത് ഷിബു .ജി .സുശീലനും ചേര്‍ന്ന് ‘ സൂര്യ ചിത്ര’ എന്ന പേരില്‍ 2002 ല്‍ ഒരു ഡയറക്ടറി പുറത്തിറക്കിയതും.

പിന്നീട് അത് ഞാന്‍ ഒറ്റയ്ക്കായി.2019 ലാണ്അവസാന ലക്കം പുറത്തിറങ്ങിയത്. നിരവധി വര്‍ഷങ്ങളായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടനവധി പേര്‍ക്ക് ആ ഡയറക്ടറി പ്രയോജനം ചെയ്യുന്നുമുണ്ട്.

അങ്ങനെ എല്ലാവരുടേയും നമ്പര്‍ എന്റെ കൈവശമുണ്ട് എന്ന ഉറപ്പിലാണ് പെട്ടന്ന് ഒരാവശ്യം വരുമ്പോള്‍ പലരും എന്നെ വിളിക്കുന്നത്. അത് ചിലപ്പോള്‍ പാതിരാത്രിയില്‍ വരെ അങ്ങനെ അത്യാവശ്യക്കാര്‍ വിളിച്ചിട്ടുണ്ട്. ഞാന്‍ യാതൊരു മടിയും കൂടാതെ അത് നല്‍കിയിട്ടുമുണ്ട്. അനുഭവസ്ഥര്‍ക്ക് അറിയാം.

ആദ്യകാലങ്ങളില്‍ നമ്പര്‍ പറഞ്ഞു കൊടുത്തിരുന്നു എങ്കില്‍ ഇപ്പോള്‍ വാട്ട്‌സപ്പില്‍ അയച്ചുകൊടുക്കാറാണ് കൂടുതലും. പ്രത്യേകിച്ച് എനിക്ക് ഒരു നേട്ടവുമില്ലെങ്കിലും, ചേതമില്ലാത്ത ഒരു ഉപകാരം എന്ന നിലയില്‍ അതില്‍ ഞാന്‍ സന്തോഷം കണ്ടെത്തിയിരുന്നു.

അങ്ങനെ നമ്പര്‍ കൊടുത്തതിന്റെ പേരില്‍ ഇത്ര വര്‍ഷത്തിനിടയില്‍ ഇതുവരെ പരാതികളും വന്നിട്ടില്ല. ഫോണ്‍ വരുമ്പോള്‍ മറുവശത്തുള്ളയാള്‍
സംസാരിക്കുന്നത് താത്പര്യമില്ലാത്ത കാര്യമാണെങ്കില്‍ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടല്ലോ ? ഒന്നുകില്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാം അല്ലെങ്കില്‍ ഇനി വിളിക്കരുത് എന്ന് പറഞ്ഞ് ഒഴിവാക്കാം.

എന്നാലിപ്പോള്‍ നിര്‍മ്മാതാവിന്റെ മേലങ്കിയുമായി എത്തിയ ഒരാള്‍, ഒരു സിനിമ നിര്‍മ്മിക്കുവാന്‍ താത്പര്യം കാണിച്ചെത്തുകയും അയാള്‍ക്ക്
ഒന്ന് രണ്ട് താരങ്ങളുടെ നമ്പര്‍ കൈമാറുകയും ചെയ്തതിന്റെ പേരില്‍ വിവാദങ്ങളിലേക്ക് എന്റെ പേരും വലിച്ചിഴയ്ക്കപ്പെടുകയും, ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്തു.

വിവാദത്തിന്റെ ഭാഗമായി ചാനലുകള്‍ പോലും ഷാജി പട്ടിക്കര എന്ന പേര് ആഘോഷമാക്കിയപ്പോള്‍ ഞാനും കുടുംബവും അത്രയധികം വേദനിച്ചു. ഇപ്പോള്‍ കേസന്വേഷണം ഏകദേശം അവസാനിക്കുകയും, സിനിമ പ്രവര്‍ത്തകര്‍ ആരും തന്നെ അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വാര്‍ത്ത പുറത്തു വരികയും ചെയ്തു. സന്തോഷം !

പക്ഷേ, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഞാനും കുടുംബവും അനുഭവിച്ച മാനസ്സിക ദുഃഖം ആരോടാണ് പറയുക. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരനുഭവം.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എന്നെ അറിയാവുന്നവര്‍ എല്ലാം എനിക്ക് പിന്തുണയുമായി എത്തി. എല്ലാവര്‍ക്കും നന്ദി ! അനുഭവമാണ് ഗുരു ! ഇനിയും ഇത്തരം ചതിക്കുഴികളില്‍ വീഴാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അത് കൊണ്ട് തന്നെ ഇനി മറ്റുള്ളവരുടെ ഫോണ്‍ നമ്പരുകള്‍ ആര്‍ക്കും കൈമാറില്ല എന്ന ഉറച്ച തീരുമാനത്തിലാണ്. അതു കൊണ്ട് ഫോണ്‍ നമ്പരുകള്‍ക്കായി ദയവ് ചെയ്ത്ആരും വിളിക്കരുത്…അപേക്ഷയാണ് !

എന്റെ വ്യക്തിപരമായ തീരുമാനം മാത്രമല്ല, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയനും, യൂണിയനിലെ പ്രിയപ്പെട്ട അംഗങ്ങളും അത്തരം ഒരു തീരുമാനത്തിലാണ്.

അംഗീകൃത സിനിമ പ്രവര്‍ത്തകരല്ലാത്ത ആര്‍ക്കും ഇനി മുതല്‍ നമ്പരുകള്‍ കൈമാറേണ്ടതില്ല എന്നാണ് യൂണിയന്‍ തീരുമാനം. നല്ലത്. ഇനിയൊരാള്‍ക്കും എ?ന്റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ ..

സ്‌നേഹപൂര്‍വ്വം,

#ഷാജിബപട്ടിക്കര

pathram:
Leave a Comment