ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡല്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡല്‍ മീര. മോഡലിങ് രംഗത്തെ യുവതികളെ ഇവര്‍ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ താന്‍ ഇടനിലക്കാരിയല്ലെന്നും കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ നല്‍കിയ നമ്പര്‍ സുഹൃത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും മീര .

എല്ലാ കാര്യങ്ങളും ഡിസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്നാണ് കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ക്ക് പ്രതികളുടെ നമ്പര്‍ കിട്ടിയത്. എനിക്ക് വേറെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ നമ്പര്‍ സുഹൃത്തിന് നല്‍കി. പിന്നീട് പാലക്കാട്ട് പ്രശ്‌നമുണ്ടായെന്ന് അറിഞ്ഞപ്പോള്‍ അവരോട് തിരികെ വരാന്‍ പറഞ്ഞിരുന്നു മീര വിശദീകരിച്ചു.

മീര വഴിയാണ് തട്ടിപ്പ് സംഘത്തിലെ പ്രതികളുടെ നമ്പര്‍ ലഭിച്ചതെന്ന് തട്ടിപ്പിനിരയായ യുവതികള്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മോഡലിങ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ പാലക്കാട്ട് എത്തിച്ചത്. തുടര്‍ന്ന് ഹോട്ടലുകളില്‍ പാര്‍പ്പിച്ച് സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചെന്നും പണവും സ്വര്‍ണവും തട്ടിയെടുത്തെന്നുമാണ് പരാതി.

അതേസമയം ഷംന കാസിം കേസില്‍ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ സിനിമാതാരങ്ങളുടെ നമ്പര്‍ കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണം നടത്തുന്നത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കമുള്ള സിനിമാതാരങ്ങളില്‍നിന്ന് പോലീസ് സംഘം വിവരങ്ങള്‍ തേടി. എന്നാല്‍ തന്റെ നമ്പര്‍ എങ്ങനെ പ്രതികളുടെ കൈയിലെത്തിയെന്ന് അറിയില്ലെന്നായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രതികരണം. കേസിലെ മുഖ്യപ്രതികളിലൊരാളായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസിനെ പോലീസ് തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കൊച്ചിയില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്.

pathram:
Related Post
Leave a Comment