രണ്ടുമാസത്തേക്കുള്ള എല്‍പിജി സിലിണ്ടറുകള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം; കശ്മീരില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍

ശ്രീനഗര്‍: അടുത്ത രണ്ട് മാസത്തേക്കാവശ്യമായ എല്‍പിജി സിലിണ്ടറുകള്‍ കരുതിവയ്ക്കാന്‍ എണ്ണക്കമ്പനികളോടും സുരക്ഷാസേനയുടെ ഉപയോഗത്തിനായി ഗാന്ദര്‍ബല്‍ ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ വിട്ടുനല്‍കാനും ജമ്മു കശ്മീര്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയും കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന ഷെല്ലാക്രമണത്തിനുമിടെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉത്തരവുണ്ടായിരിക്കുന്നത്.

തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ കാരണം ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിടാന്‍ സാധ്യതയുള്ളതിനാലാണ് എല്‍പിജി സിലിണ്ടറുകള്‍ ശേഖരിച്ചു വെക്കാനുള്ള നിര്‍ദേശത്തിന് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞകൊല്ലം ബാലാക്കോട്ടിലെ ആക്രമണസമയത്തും അധികൃതര്‍ സമാനനിര്‍ദേശം നല്‍കിയിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി ഉളവാക്കിയതായാണ് റിപ്പോര്‍ട്ട്.

ഗ്യാസ് സിലിണ്ടറുകള്‍ ശേഖരിക്കാനായി എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായും നിര്‍ദേശത്തെ കുറിച്ചുള്ള വിശദീകരണം ഉടനെ തന്നെ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മഞ്ഞുകാലത്തേക്ക് വേണ്ടി സിലിണ്ടറുകള്‍ ശേഖരിക്കനാണാവശ്യപ്പെട്ടതെന്നും ഉപഭോക്തൃവകുപ്പ് ഡയറക്ടറോട് വിശദീകരണം നല്‍കാനാവശ്യപ്പെട്ടിട്ടുണ്ടെന്നും ലഫ്. ഗവര്‍ണര്‍ ഫാറൂഖ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനഗര്‍-ലഡാക്ക് ദേശീയപാതയിലെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് നിര്‍ദേശം നല്‍കിയത്. സുരക്ഷാസേനാംഗങ്ങളുടെ അമര്‍നാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായാണ് ഇതെന്നാണ് വിശദീകരണം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമര്‍നാഥ് യാത്രയ്ക്കുള്ള അന്തിമ അറിയിപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലം ഓഗസ്റ്റില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചിരുന്നു.

സര്‍ക്കാര്‍ ഉത്തരവ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. മഞ്ഞുകാലത്ത് ദേശീയപാത അടച്ചിടുന്നത് മനസിലാക്കാമെന്നും എന്നാല്‍ അതിനുശേഷവും അടച്ചിടല്‍ തുടരുന്നതിനും സിലിണ്ടറുകള്‍ ശേഖരിക്കണമെന്നാവശ്യപ്പെടുന്നതിനും വ്യക്തതയില്ലെന്ന് കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഷെയ്ഖ് ആശിഖ് പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Leave a Comment