ഗാല്‍വന്‍ അതിര്‍ത്തിയില്‍ പര്‍വതാരോഹകരേയും ആയോധനകല അഭ്യസിച്ചവരേയും ചൈന വിന്യസിച്ചിരുന്നു

ന്യൂഡല്‍ഹി: ഗാല്‍വന്‍ സംഘര്‍ഷത്തിന് മുമ്പായി പര്‍വതാരോഹകരേയും ആയോധനകല അഭ്യസിച്ചവരേയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന അയച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസാണ് ഇക്കാര്യം സൂചിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ പോരാളികളും ഉള്‍പ്പെടെ അഞ്ച് പുതിയ സേനാ ഡിവിഷനുകള്‍ ജൂണ്‍ 15 ന് ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ പരിശോധനയ്ക്കായി ഹാജരായതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ലാസയില്‍ നൂറുകണക്കിന് പുതിയ സൈനികര്‍ അണിനിരക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലായ സിസിടിവിയും പുറത്തുവിട്ടു.

ആയോധനകല ക്ലബ്ബില്‍ നിന്നുള്ള റിക്രൂട്ട്മെന്റുകള്‍ സൈന്യത്തിന്റെ ഘടനയും ശക്തിയും പടയൊരുക്കവും വളരെയധികം ഉയര്‍ത്തുമെന്ന് ടിബറ്റ് കമാന്‍ഡര്‍ വാങ് ഹൈജിയാങ് പറഞ്ഞതായി ചൈന നാഷണല്‍ ഡിഫന്‍സ് ന്യൂസ് അറിയിച്ചു. എന്നാല്‍ അവരുടെ വിന്യാസം നിലവിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടില്ല.

ഇവിടെ നിന്ന് 1300 കിലോമീറ്റര്‍ ദൂരമുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷത്തില്‍ തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയെ ‘ഇരുട്ടിലാഴ്ത്തി’ സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമവുമായി ചൈന; പ്രശ്‌നം അതീവ ഗുരുതരമാണെന്ന് ആര്‍.കെ.സിങ്

pathram:
Leave a Comment