ഇന്ത്യയെ ‘ഇരുട്ടിലാഴ്ത്തി’ സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമവുമായി ചൈന; പ്രശ്‌നം അതീവ ഗുരുതരമാണെന്ന് ആര്‍.കെ.സിങ്

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തിലൂടെ ഇന്ത്യയെ ‘ഇരുട്ടിലാഴ്ത്തി’ സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമം ചൈനയുടെ ഭാഗത്തുനിന്നുണ്ടാകാനിടയുണ്ടെന്ന് വൈദ്യുതവകുപ്പ് സഹമന്ത്രി ആര്‍.കെ.സിങ്. ഇതിന്റെ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. പ്രശ്‌നം അതീവ ഗുരുതരമാണ്. വൈദ്യുതമേഖലയിലെ ഉപയോഗത്തിന് ചൈനയില്‍നിന്നു വാങ്ങുന്ന എല്ലാ ഉപകരണങ്ങളും ഇനി മുതല്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഉപയോഗിക്കുകയുള്ളൂ. അത്തരം ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെങ്കില്‍ അവ മാത്രമേ വാങ്ങുകയുള്ളൂ. അഥവാ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ പല തലത്തിലുള്ള പരിശോധനയുണ്ടാകും. അതില്‍ത്തന്നെ മാല്‍വെയര്‍, ട്രോജന്‍ ടെസ്റ്റുകളായിരിക്കും പ്രധാനമായും നടത്തുക.

വൈദ്യുത മേഖലകളിലെ കംപ്യൂട്ടര്‍ സേവനങ്ങളെ ആക്രമിക്കാനായി, അപകടകാരികളായ വൈറസ് സോഫ്റ്റ്വെയറുകളായ മാല്‍വെയറുകള്‍ ചൈന ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സോഫ്റ്റ്വെയറാണെന്നു തോന്നിപ്പിക്കുകയും അതുവഴി രഹസ്യം ചോര്‍ത്താനുള്ള സംവിധാനം ഒളിച്ചുകടത്തുകയും ചെയ്യുന്നതാണ് ട്രോജന്‍ വൈറസുകള്‍. മാല്‍വെയര്‍, ട്രോജന്‍ ആക്രമണം വിദൂരത്തിരുന്നു നടത്താനാകും. ഇവയെ നിയന്ത്രിക്കുന്നവര്‍ ഇലക്ട്രിസിറ്റി ഗ്രിഡുകളെ തകര്‍ക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആര്‍.കെ.സിങ് പറഞ്ഞു.

ചൈന, റഷ്യ, സിംഗപ്പുര്‍, അര്‍മീനിയ, അസര്‍ബൈജാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മള്‍ഡോവ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യന്‍ വൈദ്യുത മേഖലയ്ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളിലേറെയും. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഒരു സംഘത്തെ ഇതു സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ‘നിലവില്‍ ശക്തമായി നിലനില്‍ക്കുന്ന ഭീഷണി’ എന്നാണ് വൈദ്യുതോപകരണങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അവരുടെ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ‘അതീവ ഗുരുതര പ്രശ്‌നമാണിത്. ‘സെന്‍സിറ്റിവ്’ മേഖലയാണ് വൈദ്യുതിയുടേത്. മേഖലയില്‍ എന്തെങ്കിലും തിരിച്ചടിയേറ്റാല്‍ രാജ്യം മുഴുവന്‍ അതിന്റെ പ്രത്യാഘാതമുണ്ടാകും.

പ്രതിരോധ വകുപ്പിന്റെയും മറ്റു പ്രധാന വ്യവസായങ്ങളുടെയും പ്രവര്‍ത്തനം ഉള്‍പ്പെടെ വൈദ്യുതിയെ ആശ്രയിച്ചായതിനാല്‍ തന്ത്രപരമായും ഏറെ പ്രാധാന്യമുള്ള മേഖലയാണിത്. വൈദ്യുതബന്ധം പൂര്‍ണമായും നിലച്ചാല്‍ 1224 മണിക്കൂര്‍ നേരത്തേക്ക് കൂടി ഉപയോഗിക്കാനുള്ള വൈദ്യുതിയേ സംഭരിക്കപ്പെട്ടിട്ടുള്ളൂ. അതു പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഇന്ത്യയിലെ വൈദ്യുതമേഖലയ്ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ഒരു ‘ഫയര്‍ വോള്‍’ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

ലഡാക്കിലെ ഗല്‍വാനില്‍ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യചൈന അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായ സാഹചര്യമാണിപ്പോള്‍. വ്യാപാര ബന്ധത്തെയും അതു ബാധിച്ചിട്ടുണ്ട്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാര പരിശോധന ശക്തമാക്കാന്‍ അടുത്തിടെ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാസവസ്തുക്കള്‍, സ്റ്റീല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, യന്ത്രഭാഗങ്ങള്‍, ഫര്‍ണിച്ചര്‍, കടലാസ്, വ്യാവസായിക ഉപകരണങ്ങള്‍, റബര്‍ ഉല്‍പന്നങ്ങള്‍, ഗ്ലാസ്, ലോഹ വസ്തുക്കള്‍, കീടനാശിനി, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ 370 ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ് പുതിയ മാനദണ്ഡങ്ങളും നിര്‍ദേശിച്ചു.

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളിന്മേല്‍ കൂടുതല്‍ തീരുവ ചുമത്താനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക വ്യാവസായിക വളര്‍ച്ച ശക്തമാക്കുന്നതിനു വേണ്ടി കൂടിയാണിത്. ചില സോളര്‍ ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ വര്‍ധനവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സോളര്‍ പാനലുകളിന്മേല്‍ 25% ആയിരിക്കും വര്‍ധന. 2022 ഏപ്രില്‍ മുതല്‍ അത് 40% ആകും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സോളര്‍ പാനലുകളില്‍ 80 ശതമാനവും ചൈനയില്‍നിന്നാണ്
.
സോളര്‍ സെല്ലുകളില്‍ ഓഗസ്റ്റ് മുതല്‍ 15 ശതമാനവും 2022 മുതല്‍ 25 ശതമാനവും അധിക കസ്റ്റംസ് തീരുവ ചുമത്തും. സോളര്‍ ഇന്‍വര്‍ട്ടറുകളില്‍ 20% അധിക ഇറക്കുമതി തീരുവയാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരം ഉപകരണങ്ങളിലും ഇന്ത്യയുടെ സ്വയം പര്യാപ്തതയാണു ലക്ഷ്യം. ഇന്ത്യയില്‍ ആവശ്യത്തിന് ഉല്‍പാദനം നടക്കുന്ന വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും നിര്‍ത്തലാക്കും. ഇന്ത്യയില്‍ നിര്‍മാണത്തിന് വൈദ്യുത വകുപ്പ് ധനസഹായത്തിനും തയാറാണ്.

ചൈന പോലെ ഇന്ത്യയുമായി മോശം ബന്ധമുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ കര്‍ശന പരിശോധനയ്ക്കും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏറ്റവും ശക്തമായ ഭീഷണി നേരിടുന്ന രാജ്യങ്ങളെ അതിന്റെ അടിസ്ഥാനത്തിന്റെ തരംതിരിക്കും. ‘ശത്രു രാജ്യങ്ങളുടെ’ പട്ടികയില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളില്‍നിന്ന് ഏത് ഉല്‍പന്നം ഇറക്കുമതി ചെയ്യാനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കും. ചൈന, പാക്കിസ്ഥാന്‍ തുടങ്ങി ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ‘ശത്രുരാജ്യ പട്ടികയില്‍’ മുന്‍പന്തിയില്‍.

ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളിലും അത് ഏതു രാജ്യത്തു നിര്‍മിച്ചതാണെന്നു കൃത്യമായി രേഖപ്പെടുത്തുകയും വേണം. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഫര്‍ണിച്ചര്‍, എയര്‍ കണ്ടിഷനര്‍ കംപ്രസര്‍, വാഹനഭാഗങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കൂട്ടാനും നീക്കമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഇറക്കുമതിയിലേറെയും ചൈനയില്‍നിന്നാണ്. കഴിഞ്ഞവര്‍ഷം ഏകദേശം 5.25 ലക്ഷം കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് ചൈനയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ 3.75 ലക്ഷം കോടി രൂപയുടെ അധിക കയറ്റുമതി ചൈന ഇന്ത്യയിലേക്ക് നടത്തുന്നുണ്ട്.

pathram:
Leave a Comment