കോവിഡ് മരുന്നിന്റെ ആദ്യ ബാച്ച് അഞ്ച് സംസ്ഥാനങ്ങള്‍ക്ക്; കേരളത്തിന് ഇല്ല

ന്യൂഡല്‍ഹി: അടിയന്തര ഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്കു നല്‍കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയ ‘റെംഡിസിവിര്‍’ മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്നത് അഞ്ച് സംസ്ഥാനങ്ങള്‍ക്ക്. മരുന്ന് നിര്‍മിക്കുന്ന ഹൈദരാബാദിലെ ഹെറ്റെറോ കമ്പനി റെംഡിസിവിറിന്റെ 20,000 വയല്‍ (മരുന്നുകുപ്പികള്‍) വീതം മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് നല്‍കും. രാജ്യത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളാണ് ഇവ. ‘കോവിഫോര്‍’ എന്ന പേരിലാണ് മരുന്നത് വിറ്റഴിക്കുന്നത്. രണ്ട്മുന്ന് ആഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം വയല്‍ മരുന്ന് ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാംഘട്ടത്തില്‍ കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഭോപാല്‍, ലക്നൗ, പട്‌ന, ഭുവനേശ്വര്‍, റാഞ്ചി, വിജയവാഡ, കൊച്ചി, തിരുവനന്തപുരം, ഗോവ എന്നിവടങ്ങളിലും മരുന്ന് നല്‍കും. ഹെറ്റെറോയ്ക്ക് പുറമെ സിപ്ല എന്ന കമ്പനിയും റെംഡിസിവിര്‍ ഉല്‍പാദിപ്പിക്കുന്നതിന് ലൈസന്‍സ് നേടിയിട്ടുണ്ട്. യുഎസ് കമ്പനിയായ ഗിലീഡ് സയന്‍സസിനാണ് മരുന്നിന്റെ യഥാര്‍ഥ നിര്‍മാണാനുമതി. കോവിഡിന് പകരം മരുന്നു കണ്ടെത്തുന്നതു വരെ ഇത് ഉല്‍പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗിലീഡ് സൗജന്യമായി അനുവാദം നല്‍കുകയായിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിക്ക് കുറഞ്ഞ് ആറ് വയല്‍ റെംഡിസിവിര്‍ ഉപയോഗിക്കേണ്ടി വരും. 100 മില്ലിഗ്രാമിന്റെ കുപ്പിക്ക് 5,400 രൂപയോളം വിലവരുമെന്നാണ് ഹെറ്റെറോ അറിയിച്ചത്. എന്നാല്‍ 5,000 രൂപയില്‍ താഴെയെ വില വരൂവെന്ന് സിപ്ല വ്യക്തമാക്കി.

ഗുരുതരമായ കോവിഡ് കേസുകളില്‍ അടിയന്തരഘട്ടങ്ങളില്‍ ഹെറ്റെറോ, സിപ്ല കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്ന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം നല്‍കി. റെംഡിസിവിര്‍ ഉപയോഗിക്കുന്നതിനു യുഎസും ജപ്പാനും അനുമതി നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യയും അനുവദിച്ചത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment