കൊറോണ മൂലം യാത്ര മുടങ്ങിയ വിമാന ടിക്കറ്റ് ഉപയോഗിച്ച് അടുത്ത ഡിസംബര്‍ വരെ യാത്ര ചെയ്യാം

കൊറോണ മൂലം യാത്ര മുടങ്ങിയ വിമാനയാത്രികരുടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തില്‍ പുതിയ തീരുമാനവുമായി എയര്‍ ഇന്ത്യ. അടുത്ത വര്‍ഷം അവസാനം വരെ എല്ലാ ടിക്കറ്റുകളും സാധുവാക്കിക്കൊണ്ടാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്.

എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ കൈവശമുള്ളവരും ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയോ യാത്ര ചെയ്യാന്‍ അനുവദിക്കപ്പെടാതിരിക്കുകയോ ചെയ്തതുമായ ആഭ്യന്തര യാത്രക്കാര്‍ക്ക് മാര്‍ച്ച് 15 മുതല്‍ 2020 ഓഗസ്റ്റ് 24 വരെയും വീസ നിയന്ത്രണങ്ങള്‍ മൂലമോ മറ്റോ വിമാനയാത്രകള്‍ മുടങ്ങിയ രാജ്യാന്തര യാത്രക്കാര്‍ക്ക് 2020 മാര്‍ച്ച് 15 മുതല്‍ 2020 ജൂലൈ 31 വരെയും ഇനിപ്പറയുന്ന ഓപ്ഷനുകള്‍ ലഭിക്കുന്നതാണ്.

പുതിയ യാത്രാ വാലിഡിറ്റി

ബുക്ക് ചെയ്ത തീയതി പരിഗണിക്കാതെ എല്ലാ തരത്തിലുള്ള ടിക്കറ്റുകളുടെയും വാലിഡിറ്റി 2021 ഡിസംബര്‍ 31 വരെയായിരിക്കും. ടിക്കറ്റിന്റെ വിലയ്ക്ക് പൂര്‍ണ്ണ മൂല്യം ഉണ്ടായിരിക്കും. 2021 ഡിസംബര്‍ 31 നു മുന്നേ ബുക്കിംഗ് പൂര്‍ത്തിയാക്കുകയും യാത്ര നടത്തുകയും വേണം.

ഇളവുകള്‍

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി ഒരു തവണ തീയതി / ഫ്‌ലൈറ്റ് / റൂട്ടിങ് / ബുക്കിങ് കോഡ് എന്നിവ മാറ്റാവുന്നതാണ്.

1. തീയതി / ഫ്‌ലൈറ്റ് / ബുക്കിങ് കോഡ് മാറ്റല്‍

2020 ആഗസ്റ്റ് 24 വരെയുള്ള യാത്രകള്‍ക്ക് ഒരേ ക്യാബിന്‍ തെരഞ്ഞെടുക്കുന്നിടത്തോളം തീയതി, ഫ്‌ലൈറ്റ് മാറ്റത്തിനായി പ്രത്യേക ഫീസ് ഈടാക്കില്ല.

2020 ആഗസ്റ്റ് 24 നു ശേഷമുള്ള യാത്രകളില്‍ റൂട്ട്, ക്ലാസ് എന്നിവ മാറാത്തിടത്തോളം ടിക്കറ്റ് തുക കൂടിയാലും പഴയ ടിക്കറ്റ് നിരക്കില്‍ത്തന്നെ യാത്ര ചെയ്യാം. എന്നാല്‍ ക്ലാസ് മാറിയാല്‍ ബാധകമായ അധികനിരക്ക് യാത്രക്കാരന്‍ നല്‍കേണ്ടി വരും.

2. റൂട്ട് മാറ്റം

ടിക്കറ്റ് കയ്യിലുള്ളവര്‍ക്ക് യാത്ര ചെയ്യുന്ന റൂട്ട് മാറ്റണമെങ്കില്‍ നിലവിലുള്ള ടിക്കറ്റ് മൂല്യമനുസരിച്ച് ടിക്കറ്റ് നിരക്ക് ക്രമീകരിക്കാം. ബാധകമെങ്കില്‍ അധിക ടിക്കറ്റ് നിരക്ക് നല്‍കണം. പുതിയ ടിക്കറ്റ് നല്‍കുന്നതിന് മാത്രമായി പ്രത്യേക ചാര്‍ജ് ഈടാക്കില്ല.

നിലവിലുള്ള ടിക്കറ്റ് വിലയേക്കാള്‍ കുറവാണ് പുതിയ ടിക്കറ്റിന്റെ വില എങ്കില്‍ വ്യത്യാസമായി വരുന്ന തുക റീഫണ്ട് ചെയ്തു നല്‍കില്ല.

follow us: PATHRAM ONLINE

pathram:
Leave a Comment