അമ്മയുടെ അര്‍ധ നഗ്ന മേനിയില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാല്‍ അവര്‍ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നു പറയാന്‍ കഴിയുമോയെന്ന് ഡോ.സി.ജെ.ജോണ്‍. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ തീര്‍പ്പുപറയാന്‍ സാധിക്കൂ. കുട്ടികള്‍ ലൈംഗിക അരാജകത്വത്തിന്റെ വഴിയില്‍ പോകാമെന്ന അപകടവും ഇതില്‍ പതിയിരിക്കുന്നതായി സി.ജെ.ജോണ്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പില്‍ പറയുന്നു.
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ തന്റെ അര്‍ധനഗ്‌ന മേനിയില്‍ കുട്ടിയെക്കൊണ്ടു ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം യൂട്യൂബില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിനെതിരെ പൊലീസും ബാലാവകാശ കമ്മിഷനും നടപടിയെടുക്കുകയും ചെയ്തു. രഹ്നയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടേറെപ്പേരാണ് രംഗത്തെത്തുന്നത്.
സി.ജെ.ജോണ്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂര്‍ണരൂപം:
അമ്മയുടെ അര്‍ധ നഗ്ന മേനിയില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാല്‍ അവര്‍ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നും കപട ലൈംഗിക സങ്കല്‍പ്പങ്ങളുടെ പിടിയില്‍ പെടാതിരിക്കുമെന്ന ആശയമാണ് ഒരു വനിത ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന ലേബലില്‍ മുന്നോട്ടു വയ്ക്കുന്നത്. ആ ഗവേഷണത്തിലെ പരീക്ഷണ വസ്തുക്കളായി അവരുടെ കുട്ടികളെ ഉപയോഗിച്ച് ചിത്രം വരപ്പിക്കുന്ന ഒരു യു റ്റിയുബ് വിഡിയോയും ഇട്ടിട്ടുണ്ട്. ആ ധീരത കൊണ്ട് ഈ വാദഗതി ശരിയെന്ന് പറയാന്‍ പറ്റില്ലല്ലോ ?
ഈ കുട്ടികള്‍ വളര്‍ന്ന് വരുമ്പോഴല്ലേ ഈ പരീക്ഷണത്തിന് ഫലമുണ്ടായിയെന്ന് പറയാന്‍ പറ്റുകയുള്ളൂ. അതിനു മുമ്പുള്ള അവകാശ വാദങ്ങള്‍ ഒരു കപട വിപ്ലവത്തിന്റെ കാഹളം മാത്രമാകില്ലേ? ഈ പരീക്ഷണത്തിന്റെ പാര്‍ശ്വ ഫലവും വിപരീത ഫലവും കൂടി ഗവേഷക പരിഗണിക്കണ്ടേ? ഗവേഷക പറയുന്നത് പോലെയുള്ള ഒരു കപട ധാര്‍മികതയുടെയും ലൈംഗികതയുടെയും സംസ്‌കാരവുമായി ഇടപഴകി ജീവിക്കാന്‍ പോകുന്ന ഈ കുട്ടികള്‍ ഈ അനുഭവത്തെ എങ്ങനെയാവും ഭാവിയില്‍ ഉള്‍ക്കൊള്ളുകയെന്ന് പ്രവചിക്കാന്‍ പറ്റുമോ? ഈ കുട്ടികളുടെ സ്‌കൂളിലെ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളെ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ഈ പ്രായത്തില്‍ അവര്‍ക്കുണ്ടോ?
ആ കാറ്റില്‍ പെട്ട് അവര്‍ ഒരു ലൈംഗിക അരാജകത്വത്തിന്റെ വഴിയില്‍ പോകാമെന്ന അപകടവും ഇല്ലേ? കുട്ടികളുടെ വ്യക്തിത്വവും ലൈംഗികതയുമൊക്കെ രൂപപ്പെട്ട് വരുന്ന ക്യാന്‍വാസ് ഇതിലും വലുതല്ലേ? സ്ത്രീയോടുള്ള ആദരവ് വളര്‍ത്താനുള്ള പാഠങ്ങള്‍ വീട്ടില്‍ തുടങ്ങണമെന്ന ആശയത്തോട് പൂര്‍ണ്ണ യോജിപ്പ്. പക്ഷെ അതില്‍ ഇങ്ങനെയൊരു പാഠത്തിനുള്ള പ്രസക്തി എന്താണെന്ന് വ്യക്തമല്ല.
അമ്മയും കുട്ടികളും ഉള്‍പ്പെടുന്ന കലാപരമായ ഈ അന്യോന്യത്തില്‍ അശ്ലീലം കാണുന്നില്ല. അത് ഒരു സ്വകാര്യ ഗവേഷണമായി ഒതുക്കാമായിരുന്നു. അത് ക്യാമറയില്‍ പകര്‍ത്തി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് ഇപ്പോഴേ എറിഞ്ഞു കൊടുക്കണമായിരുന്നോ? ചെയ്യുന്നത് എന്തെന്നും എന്തിന് വേണ്ടിയെന്നും കൃത്യമായി അറിയാത്ത പ്രായത്തില്‍ മുതിര്‍ന്ന ഒരാളുടെ ആദര്‍ശ പ്രഖ്യാപനത്തിനുള്ള ഉപകരണമായി കുട്ടികളെ മാറ്റുന്നതില്‍ ഒരു അബ്യുസ് നിഴലിക്കുന്നില്ലേ? കുട്ടികള്‍ വളര്‍ന്ന് കൗമാരത്തിലും യുവത്വത്തിലുമൊക്കെ എത്തുമ്പോഴല്ലേ അവര്‍ സ്ത്രീകളോട് എങ്ങനെ പെരുമാറുമെന്ന് അറിയാനാകൂ. ഈ വിപ്ലവത്തെ ചാരു കസേരയില്‍ ഇരുന്നു അനുകൂലിക്കുന്നവര്‍ സ്വന്തം വീട്ടില്‍ ഈ പരീക്ഷണം നടത്തുമോ ആവോ ? ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുന്‍പേ അത് കൂടി ആലോചിക്കുക. ആ കുട്ടികളെ ഓര്‍ത്തു വിഡിയോ ഇടുന്നില്ല.
(സി ജെ ജോണ്‍)
follow us: PATHRAM ONLINE
Leave a Comment