എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി അപമാനിച്ചിട്ടുള്ളത്

തൊണ്ണൂറുകളിലെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേടിയായ പെണ്‍കഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമയില്‍ വാണി വിശ്വനാഥിനു നേരെ നായകന്‍ ചെകിട്ടത്തടിക്കുമ്പോള്‍ തിയറ്ററില്‍ ഇരുന്ന് കയ്യടിച്ചിട്ടുള്ളവനാണ് താനെന്നും അതിനൊരു സ്വയം വിമര്‍ശനമായാണ് ഈ കുറിപ്പെന്നും പറയുകയാണ് രാജേഷ് കൃഷ്ണ എന്ന പ്രേക്ഷകന്‍ .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചലച്ചിത്ര താരം വാണി വിശ്വനാഥിന് ഈയുള്ളവന്റെ ജന്മദിന ആശംസകള്‍. തൃശ്ശൂരിലെ താങ്കളുടെ മരത്താക്കരിയിലെ തറവാട്ട് വീട്ടില്‍ ഏറിയാല്‍ 5 കിലോമീറ്റര്‍ മാത്രമാണ് അകലെയാണ് ഞാന്‍ താമസിക്കുന്നതെങ്കിലും, ആദ്യമായിട്ടാണ് ഞാന്‍ താങ്കള്‍ക്ക് ജന്‍മദിന ആശംസ നേരുന്നത്. ഈ ആശംസ താങ്കളുടെ കയ്യിലെത്തും എന്ന ഉറച്ച വിശ്വാസത്തോടെ കുറച്ചു വരികള്‍ക്കൂടി ചേര്‍ക്കുന്നു. ഇന്ന് ഈ ജന്മദിനത്തില്‍ വന്നു വാണി വിശ്വനാഥിന് ഒരു റോസ പുഷ്പം തരാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളതെന്ന് എന്റെ ‘മനസാക്ഷി’ എന്നോട് ചോദിക്കുന്നുണ്ട്? സ്വയം വിമര്‍ശനപരമായ ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു. എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകരും, ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകരും പരസ്യമായി അപമാനിച്ചിട്ടുള്ളത്.

ദ് കിങ് സിനിമയില്‍ മമ്മൂട്ടി അനാവശ്യമായി വാണിയെ ഇംഗ്ലിഷില്‍ പച്ച തെറി പറയുമ്‌ബോള്‍ തൃശൂര്‍ രാഗം തിയറ്ററിലിരുന്ന് അട്ടഹസിച്ചു വിസില്‍ അടിക്കുകയായിരുന്നു ഞാന്‍. സിനിമകളില്‍ ആണുങ്ങള്‍ പച്ച തെറി വിളിച്ചു പറയുമ്‌ബോള്‍ നിശബ്ദമായി കേട്ട് നില്‍ക്കാനുള്ള പ്രതിമകളാണോ സ്ത്രീ കഥാപാത്രങ്ങള്‍? ആരോട് പറയാന്‍? ആ തെറിവിളി കേള്‍ക്കുമ്‌ബോള്‍ എണീറ്റു നിന്ന് കയ്യടിക്കാന്‍ തിയറ്ററില്‍ രാജേഷിനെപോലെ ഊളകള്‍ ഒത്തിരിയുണ്ടല്ലോ..! മലയാള സിനിമ എത്ര തവണയാണ് വാണിയെ ചുമ്മാ ചെള്ളക്ക് അടിച്ചിട്ടുള്ളത്? പുരുഷനെ താങ്ങി നില്‍ക്കാത്ത, സ്വന്തമായി നിലപാടുകള്‍ ഉള്ള സ്ത്രീയാണ് വാണിയുടെ കഥാപാത്രങ്ങളെങ്കില്‍ അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാ മതി.

തച്ചിലേടത്തു ചുണ്ടനില്‍ മമ്മൂട്ടിയുടെ കഥാപാത്രം ക്ലൈമാക്സില്‍ വാണിയുടെ ചെകിട് അടിച്ചു തകര്‍ക്കുമ്‌ബോള്‍ തൃശൂര്‍ ജോസ് തിയറ്ററിലിരുന്ന് കോരിത്തടിച്ചവനാണ് ഈയുള്ളവന്‍. ആ ഒരൊറ്റ അടിയില്‍ അവള്‍ മാനസാന്തരപ്പെടുന്നതും പതിവായി കാണാറുണ്ട്. പൂര്‍ണ്ണ പരിവര്‍ത്തനം സംഭവിച്ച് അവള്‍, അതിന് ശേഷം പുരുഷനെതിരേ ഒരക്ഷരം പോലും മിണ്ടാത്ത പാവം പൂച്ചകുട്ടിയായി മാറുന്നത് കാണാം. അതുകണ്ടു തീയറ്റര്‍ സീറ്റിലിരുന്ന് രാജേഷുമാര്‍ ഉള്‍പ്പെടയുള്ള പുരുഷന്മാര്‍ പുളകിതരാകും. ഹോളിവുഡ് പടത്തിലും ലോകസിനിമയിലും ഒന്നും കാണാത്ത എന്ത് ഭാവാഭിനയമാണ് മുഖത്തടിച്ച് സ്വഭാവം നേരെയാക്കുന്ന സംഗതി. ഒന്നൂതിയാല്‍ പൊട്ടുന്ന കുമിള പോലത്തെ സുരക്ഷിതമല്ലാത്ത കപടമായ മലയാളി പൗരുഷം. അതില്‍ക്കൂടുതല്‍ ഒന്നുമില്ല. ഏയ് ഹീറോ എന്ന മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ചിത്രത്തില്‍ ചിരഞ്ജീവി ഒരു ഗാന രംഗത്തില്‍ വാണി വിശ്വനാഥിന്റെ ശരീരത്തിലൂടെ സൈക്കിള്‍ കയറ്റി ഇറക്കുന്നുണ്ട്. പിന്നെ ബ്ലൗസിന്റെ ഉള്ളില്‍ ചില്ലറ പൈസ ഇട്ട് അപമാനിക്കുന്നുണ്ട്.

അതെല്ലാം സ്‌ക്രീനിന്റെ അടുത്ത് നിന്ന് തൊട്ട് ആസ്വദിച്ച പാപിയാണ് ഞാന്‍. വാണിയെ ഒരു മാംസപിണ്ഡമായി മാത്രം സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കുകയിരുന്നു ഈയുള്ളവന്‍. ആ മഹാപാപി യാണ് താങ്കളുടെ വീട്ടു മുറ്റത്തു റോസ പുഷ്പവുമായി വന്ന് നില്‍ക്കുന്നത്. അറപ്പും, വെറുപ്പും അവന്റെയുള്ളിലെ പുരുഷനോട് അവന് തോന്നുന്നുണ്ട്. സൂസന്ന എന്ന ചിത്രത്തില്‍ ഒരു പുരോഹിതന്‍ വേശ്യയായ വാണിയോട് ചോദിക്കുന്നുണ്ട് എത്ര കാലം ഈ മഹാപാപം തുടരുമെന്ന്? ഈ മഹാപാപം എന്ന സംഗതി ഈ ലോകത്തു ഉണ്ടാവുന്ന കാലത്തോളം- എന്നായിരുന്നു സൂസന്നയുടെ മറുപടി.

മഹാപാപത്തിനും ഒരു കൂട്ടൊക്കെ വേണ്ടേ അച്ചോ? എന്റെയുള്ളിലെ സിനിമ ആസ്വാദകനും ഇങ്ങനെയൊക്കെ തന്നെയായിരിക്കും. അത് ഈ ജന്‍മത്തില്‍ മാറാനൊന്നും പോകുന്നില്ല. മഹാപാപത്തിനും ഒരു കൂട്ടൊക്കെ വേണ്ടേ? പ്രിയ വാണി വിശ്വനാഥ്, പൂവ് വലിച്ചെറിഞ്ഞാലും ചൂട് വെള്ളമെടുത്തു എന്റെ മുഖത്തൊഴിക്കരുത്.

ആദ്യകാലത്ത് തമിഴില്‍ ഉപനായികയായി തായ്‌മേല്‍ ആണൈ, പൂന്തോട്ട കാവല്‍ക്കാരന്‍, നല്ലവന്‍ . ഇവയെല്ലാം വന്‍വിജയം നേടി, പക്ഷെ ആ വിജയങ്ങള്‍ വാണിക്ക് ഗുണകരമായില്ല, തുടര്‍ന്ന് തെലുങ്കിലേക്ക് കടന്നു. അവിടെ വിജയശാന്തി, രാധ, ഭാനുപ്രിയമാരെ മറികടന്ന് നഗ്മ, രമ്യാകൃഷ്ണ, റോജ, മീന എന്നിവര്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ അവരുടെ തൊട്ടുതാഴത്തെ നിരയില്‍ വാണി തിരക്കുള്ള നായികയായി തിളങ്ങി. ആണുങ്ങള്‍ക്ക് സമാനമായ പൌരുഷവും സാഹസികതയും പ്രകടമാക്കിയ വാണി ആക്ഷന്‍സിനിമയുടെ പറുദീസയായ തെലുങ്കില്‍ കൈക്കരുത്തും മെയ്വഴക്കവും ആവശ്യമായ ആക്ഷന്‍ റോളുകളില്‍ അസാമാന്യമികവോടെ നിറഞ്ഞുനിന്നു.

90-95കാലത്ത് തെലുങ്കില്‍ വാണി റെയിന്‍സോങ് സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെട്ടു, നായകനുമായി മഴയില്‍ നനഞ്ഞുകുതിര്‍ന്ന ഗാനരംഗങ്ങള്‍ വാണിയുടെ 90% തെലുങ്കു ചിത്രങ്ങളിലും കാണാം. കരാട്ടെക്ക് പ്രാധാന്യംനല്കിയ മൈ ഇന്‍ഡ്യ എന്ന തമിഴ്ചിത്രം വാണിക്ക് ആക്ഷന്‍ക്വീന്‍ പദവിനല്കി. 95ല്‍ മാന്നാര്‍മത്തായി യിലൂടെ മലയാളത്തില്‍ തിരിച്ചെത്തി, തുടര്‍ന്ന് ഒരുദശകത്തോളം മലയാളത്തിലെ തിരക്കുള്ളനടിയായി നിലനിന്നു. നായികയായും, ഉപനായികയായും, നെഗറ്റീവ് വേഷങ്ങളിലും ഒരുപോലെ തിളങ്ങി.

TV.ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്ന യിലൂടെ കേരള സംസ്ഥാന അവാര്‍ഡ് (മികച്ച രണ്ടാമത്തെനടി). ബോംബെദാദ, പരശുറാം, രണഭേരി, മംഗല്യ തുടങ്ങിയ കന്നട ചിത്രങ്ങളിലും അഭിനയിച്ചു. സൂപ്പര്‍സ്റ്റാര്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ നായികയായി ജംഗ്, ഭീഷ്മ എന്നീ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2002ല്‍ നടന്‍ ബാബുരാജിനെ വിവാഹം ചെയ്തു, 2മക്കള്‍ ആര്‍ച്ച, ആദ്രിത്. ഇപ്പോഴും ശാരീരികമായി ഫിറ്റ്‌നസ്സ് പുലര്‍ത്തുന്ന വാണിക്ക് കരുത്തുറ്റ കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും തിളങ്ങാന്‍ കഴിഞ്ഞേക്കും.

follow us: PATHRAM ONLINE

pathram:
Leave a Comment