ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തില്‍ വരും.പ്രധാനമായും അര്‍ബന്‍ സഹകരണ ബാങ്കുകളെയാണ് ഓര്‍ഡിനന്‍സ് ബാധിക്കുക. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.
നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാല്‍ അത് പാസാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. നിയന്ത്രണാധികാരം പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് പോകും.
ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും. സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 50,000 രൂപയില്‍ താഴെയുള്ള മുദ്ര വായ്പകള്‍ക്ക് രണ്ടുശതമാനം പലിശയിളവ് നല്‍കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
follow us: PATHRAM ONLINE
Leave a Comment