പ്രവാസികള്‍ക്ക് സാധ്യമല്ലാത്ത വ്യവസ്ഥകള്‍ വയ്ക്കുന്നു; സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രവാസികളോട് സര്‍ക്കാര്‍ വിവേചനപരമായി പെരുമാറുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വെച്ച് പ്രവാസികളെ തടയുന്നത് മനുഷ്യത്വമല്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും കൊണ്ടുവരണമെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. പല രാജ്യങ്ങളിലും പരിശോധന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതനുസരിച്ച് മാത്രമേ പ്രവാസികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. വിമാനത്തില്‍ ഒരാള്‍ക്ക് രോഗം ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും പകരുമെന്ന് ബോധപൂര്‍വ്വം പ്രവചരിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ രോഗം പടര്‍ന്നതിന്റെ കണക്കുകള്‍ വളരെ ചെറുതാണ്.

രോഗം പടരുന്ന കാര്യം പറഞ്ഞ് പ്രവാസികളേയും നാട്ടുകാരേയും രണ്ടു തട്ടിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രവാസികള്‍ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടേ എന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

പ്രവാസികളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണം. മൂന്ന് ദിവസത്തിനകം പരിശോധന നടത്തി കോവിഡ് ടെസ്റ്റ് ഫലം നല്‍കണമെന്നാണ് പറയുന്നത്. എപ്പോഴാണ് വിമാനത്തില്‍ കയറാന്‍ അവസരം കിട്ടുകയെന്ന് കാത്തിരിക്കുന്നവര്‍ക്ക് പല തവണ കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. ഇതിനകം തന്നെ തൊഴില്‍ നഷ്ടപ്പെട്ട മഹാഭൂരിപക്ഷം പേര്‍ക്കും ഈ ചെലവുകള്‍ താങ്ങാനാവുന്നതല്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഈ നിബന്ധന വെച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ നിബന്ധന ഇല്ല. അവിടെ നിന്ന് വരുന്നവര്‍ക്കും രോഗമുണ്ടെന്ന് സര്‍ക്കാര്‍ രേഖകളുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Leave a Comment