കെ. സുരേന്ദ്രന്‍ മരിച്ചത് സൈബര്‍ ആക്രമണങ്ങളില്‍ ചങ്ക്‌പൊട്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണം, അദ്ദേഹത്തിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ ചങ്കു പൊട്ടിയാണെന്നു കെപിസിസി നിര്‍വാഹക സമിതിയംഗം കെ.പ്രമോദിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കണ്ണൂരിലെ പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുരേന്ദ്രനെതിരെ ഫെയ്‌സ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സംഘടനയെ ഒറ്റുകൊടുത്തെന്നും മറ്റുമുള്ള ആരോപണങ്ങള്‍. അടുത്ത കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മേയറാകാന്‍ സുരേന്ദ്രന്‍ കുപ്പായം തയ്പിച്ചു നടക്കുന്നുവെന്നായിരുന്നു ഇതില്‍ ഒരാരോപണം. ഇതിനു പിന്നില്‍ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന വിവരം സുരേന്ദ്രനെ തളര്‍ത്തിയെന്നും ആരോപണം ആസൂത്രണം ചെയ്ത നീചമനസ്സ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കു മനസിലാകുമെന്നും പ്രമോദിന്റെ പോസ്റ്റില്‍ പറയുന്നു.

മരണത്തിനു തൊട്ടു മുന്‍പുള്ള സമയങ്ങളില്‍ സുരേന്ദ്രന്‍ തന്നോടു സംസാരിച്ചത് ഇതേപ്പറ്റിയാണ്. സുരേന്ദ്രനെ കൊന്നവര്‍, അതിനു ഗൂഢാലോചന നടത്തിയവര്‍, അവരെ ഇനിയും തോളിലേറ്റി നടക്കാനാണു ഭാവമെങ്കില്‍ അതൊന്നും പൊറുക്കാന്‍ സുരേന്ദ്രേട്ടനെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ തയാറാകില്ലെന്നും പ്രമോദിന്റെ പോസ്റ്റില്‍ പറയുന്നു. ഹൃദയാഘാതം മൂലം ഇന്നലെ അന്തരിച്ച കെ.സുരേന്ദ്രന്റെ ഏറ്റവുമടുത്ത സുഹൃത്ത് കൂടിയാണു കെ.പ്രമോദ്. സുരേന്ദ്രനെ അപമാനിക്കുന്ന പ്രചാരണം നടത്തിയ ആള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

FOLLOW US: pathramonline

pathram:
Related Post
Leave a Comment