ഇന്ത്യ-ചൈന സംഘര്‍ഷം ; യുഎസ് സംസാരിക്കുന്നുണ്ട്… അവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്.’ ട്രംപ്

വാഷിങ്ടന്‍ : ഇന്ത്യ-ചൈന സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചര്‍ച്ചയിലാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതു വളരെ ദുഷ്‌കരമായ സാഹചര്യമാണ്. ഇന്ത്യയും ചൈനയുമായി യുഎസ് സംസാരിക്കുന്നുണ്ട്. അവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്.’ കോവിഡ് വ്യാപനത്തിനു ശേഷം, ഒക്കലഹോമയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനു മുന്‍പ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘അവര്‍ പരസ്പരം പോരടിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അവരെ സഹായിക്കാനാണ് ശ്രമം.’ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു ട്രംപ് മറുപടി നല്‍കി. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ചൈനയുടെ കടന്നാക്രമണത്തെ ട്രംപ് ഭരണകൂടം നേരത്തെ അപലപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. യുഎസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടു പ്രകാരം 35 ചൈനീസ് പട്ടാളക്കാരെങ്കിലും സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുള്‍പ്പെടയുള്ള അയല്‍രാജ്യങ്ങള്‍ കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ വ്യാപൃതരായിരിക്കുമ്പോള്‍, ഈ അവസരം മുതലെടുത്ത് ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ‘പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. അവര്‍ ദക്ഷിണ ചൈനാ കടലില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കുകയും അവിടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയമവിരുദ്ധമായി അവകാശപ്പെടുകയും ചെയ്യുന്നു. സുപ്രധാന കടല്‍ പാതകള്‍ ഭീഷണിയിലാണ്.’ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം പറഞ്ഞു

ഇന്ത്യചൈന സംഘര്‍ഷത്തെക്കുറിച്ച് പ്രസിഡന്റ് ബോധവാനാണെന്നും യഥാര്‍ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ യുഎസ് നിരീക്ഷിച്ചുവരുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കനാനിയും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ജൂണ്‍ 2ന് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണു അക്രമങ്ങള്‍ക്കു തുടക്കമിട്ടതെന്നു കരുതുന്നതായി മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ മിച്ച് മക്കോണലും പറഞ്ഞു. സെനറ്റില്‍ വിദേശനയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment