‘എന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള താങ്കളുടെ കത്ത് ഞാന്‍ തന്നെയാണ് ഒപ്പിട്ടുവാങ്ങിയത്; എന്റെ മരണം അംഗീകരിച്ച താങ്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു’

താന്‍ മരിച്ചതായി മൊഴി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി യുവാവ്. സംഭവം ഇങ്ങനെ.

‘ബഹുമാനപ്പെട്ട വിവരാവകാശ കമ്മിഷണര്‍ക്ക്, എന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള താങ്കളുടെ കത്ത് ഇന്നലെ കൈപ്പറ്റി. ഞാന്‍ തന്നെയാണ് ഒപ്പിട്ടുവാങ്ങിയത്. എന്റെ മരണം അംഗീകരിച്ച താങ്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു’–കോഴിക്കോട് എരഞ്ഞിക്കല്‍ ബാപ്പയില്‍ കിരണ്‍ ബാബുവാണു സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ക്ക് ഈ വിചിത്രമായ കത്ത് അയക്കാനൊരുങ്ങുന്നത്.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) നിന്നു വായ്പയെടുത്തു നിര്‍മിച്ച കെട്ടിടം ലേലത്തില്‍ വിറ്റതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ 2013ലാണ് കിരണ്‍ ബാബു വിവരാവകാശ നിയമപ്രകാരം കെഎഫ്‌സിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയത്. മറുപടി വ്യക്തമല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കി.

അപ്പീലിനുള്ള മറുപടിയും തൃപ്തികരമല്ലാത്തതിനാല്‍ 2014 ജൂണില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കി. അപ്പീല്‍ പരിശോധിച്ചു സംസ്ഥാന കമ്മിഷന്‍ നല്‍കിയ ഉത്തരവ് ഇങ്ങനെ: ‘പരാതിക്കാരന്‍ മരിച്ചതായും, അതിനു മുന്‍പു തന്നെ പരാതി പരിഹരിച്ചതായും കെഎഫ്‌സിയില്‍ നിന്ന് അറിയിച്ചിരിക്കുന്നു. അതിനാല്‍ ഈ അപ്പീല്‍ തീര്‍പ്പാക്കുന്നു’.

കിരണ്‍ബാബു മരിച്ചതായി കെഎഫ്‌സിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മൊഴി നല്‍കിയെന്നും ഈ മൊഴി അംഗീകരിച്ചുകൊണ്ട് പരാതി 2020 മാര്‍ച്ച് 13ന് തീര്‍പ്പാക്കിയെന്നുമാണു വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്. ‘മരിച്ച’ കിരണ്‍ ബാബുവിന്റെ വിലാസത്തില്‍ തന്നെയാണു മറുപടി അയച്ചിട്ടുള്ളത്.

താന്‍ മരിച്ചതായി മൊഴി നല്‍കിയ കെഎഫ്‌സിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെയും വിവരാവകാശ കമ്മിഷനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നു കിരണ്‍ ബാബു പറഞ്ഞു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment