പുതിയ നീക്കവുമായി ചൈന; ബംഗ്ലാദേശിനെയും ഒപ്പംകൂട്ടാന്‍ തന്ത്രം

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായതോടെ മേഖലയില്‍ സ്വന്തം പക്ഷത്ത് ആളെ കൂട്ടാനും ചൈനയുടെ ശ്രമം. കഴിഞ്ഞ ദിവസം നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ മാപ്പ് പ്രസിദ്ധീകരിച്ചത് ചൈനയുടെ പിന്തുണയിലാണെന്ന വാദം നില്‍ക്കുമ്പോള്‍ തന്നെ ബംഗഌദേശിനെയും ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ ചൈന ശക്തമാകുന്നു. ഇന്ത്യയുടെ ഏറ്റവും അടുപ്പക്കാരായ അയല്‍ക്കാര്‍ ബംഗഌദേശിനെ ഒപ്പം കൂട്ടാന്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി 97 ശതമാനം കുറച്ചാണ് ചൈനയുടെ പുതിയ സോപ്പ്.

ഇന്ത്യയും ചൈനയും ലഡാക്കില്‍ നേര്‍ക്കുനേര്‍ വന്ന സമയത്തായിരുന്നു ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ മാപ്പ് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. ഇതിന് പിന്നില്‍ ചൈനയുടെ അദൃശ്യമായ പിന്തുണയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട രക്തച്ചൊരിച്ചില്‍ സംഭവം പല രീതിയില്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് ധാക്കയ്ക്ക് നികുതി ഇളവ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗഌദേശില്‍ നിന്നും കയറ്റുമതി ചെയ്യുന്ന 5,161 ഉല്‍പ്പന്നങ്ങള്‍ക്ക് 97 ശതമാനം ഇറക്കുമതി ചുങ്കത്തില്‍ ഇളവ് വരുത്താമെന്നാണ് വാഗ്ദാനം.

രാജ്യവികസനത്തിനായി ഇളവുകള്‍ ബംഗഌദേശ് നേരത്തേ ചൈനയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ലഡാക്കില്‍ ഇന്ത്യാ ചൈനാ കലഹം നടന്ന ജൂണ്‍ 16 നായിരുന്നു ചൈന ഇതിനോട് അനുകൂലമായി പ്രതികരിച്ചത്. ജൂലൈ 1 മുതല്‍ ബംഗഌദേശ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഈടാക്കില്ലെന്ന നോട്ടീസ് ജൂണ്‍ 16 നായിരുന്നു ചൈനയുടെ ധനമന്ത്രാലയത്തിലെ താരിഫ് കമ്മീഷന്‍ നല്‍കിയത്. ഇത് പ്രകാരം ബംഗഌദേശിന് 3,095 ഉല്‍പ്പന്നങ്ങളെ ഏഷ്യ പസഫിക് വ്യാപാര കരാറിന്റെ ഭാഗമായിട്ടുള്ള പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തി.

follow us: PATHRAM ONLINE

pathram:
Leave a Comment