തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്ക് കോവിഡ്; 49 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2141 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 52334 ആയി. 625 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് നിലവില്‍ 23,065 പേരാണ് ചികിത്സയിലുള്ളത്. 28,641 പേര്‍ ഇതുവരെ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടവരില്‍ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും ഉള്‍പ്പെടുന്നുണ്ട്. ചെന്നൈ ജില്ലയില്‍ നിന്നുള്ള എസ് ബാലമുരളി എന്ന ഉദ്യോഗസ്ഥനാണ് ഇന്ന് മരണപ്പെട്ടത്. തമിഴ്നാട് പോലീസ് വകുപ്പില്‍ നിന്നുള്ള ആദ്യകോവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. വ്യാഴാഴ്ച വരെ 37,070 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിക്കും.

FOLLOW US: pathram online

pathram:
Related Post
Leave a Comment