”ചിരു, നീ എന്റെ ആത്മാവിന്റെ ഭാഗമാണ് .. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍ നൊമ്പരകുറിപ്പുമായി മേഘ്‌ന രാജ്

പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം, ഒടുവില്‍ 2018ല്‍ വിവാഹം. ഒരുമിച്ച് ജീവിച്ച് കൊതിതീരും മുന്‍പേയാണ് നടന്‍ ചിരന്‍ഞ്ജീവി സര്‍ജയെ മേഘ്‌ന രാജില്‍ നിന്നും മരണം തട്ടിയെടുത്തത്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.

ചിരഞ്ജീവിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഉലഞ്ഞ മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോയും നൊമ്പരക്കാഴ്ച്ചയായിരുന്നു. ഇപ്പോഴിതാ ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ ചിരുവിനെ ഓര്‍ക്കുകയാണ് മേഘ്‌ന.

”ചിരു, ഞാന്‍ ഒരുപാട് ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള? കാര്യങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താന്‍ എനിക്ക് കഴിയുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വിവരിക്കാന്‍ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ്, ഇതിനെല്ലാം അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.

ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോള്‍, ‘ഞാന്‍ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളില്‍ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ, വേദനിച്ച്, ഒരായിരം തവണ ഞാന്‍ മരിക്കുന്നു.

പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം എന്റെ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാന്‍ തളരുമ്പോഴും, ഒരു കാവല്‍ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.

നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല, അല്ലേ?. നീ എനിക്കു നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് . നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം. ഈ അത്ഭുതത്തിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്.

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍. നിന്നെ വീണ്ടും കൈകളിലേന്താന്‍, നിന്റെ പുഞ്ചിരി കാണാന്‍, മുറി മുഴുവന്‍ പ്രകാശം പരത്തുന്ന നിന്റെ ചിരി കേള്‍ക്കാന്‍ കാത്തിരിക്കാന്‍ വയ്യ. ഞാന്‍ നിനക്കായി കാത്തിരിക്കും. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കണം. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നില്‍ തന്നെയുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു-” മേഘ്‌ന കുറിക്കുന്നു

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment