കോലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച താരം … സച്ചിന്റെ മകന്‍ അര്‍ജുനുമായി എങ്ങനെ ഇത്രയേറെ അടുപ്പത്തിലായി… ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ട് തുറന്നു പറയുന്നു

ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകള്‍ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു. ഒരിക്കല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാര്‍ത്തയായി. ഇംഗ്ലണ്ടിലെ മൈതാനങ്ങളിലും ഭക്ഷണശാലകളിലും പലകുറി ഇരുവരെയും ഒരുമിച്ചു കണ്ടു. അടുത്തിടെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്വയം മുടിവെട്ടുന്ന ചിത്രത്തിന് താഴെ അര്‍ജുനെ ‘ട്രോളി’ ഡാനിയേല കമന്റിട്ടതും ശ്രദ്ധ നേടി. മാത്രമല്ല, വനിതാ ക്രിക്കറ്റില്‍ തനിക്കേറ്റവും ഇഷ്ടമുള്ള താരം ഡാനിയേല വ്യാട്ടാണെന്ന് അര്‍ജുന്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

ഇരുപതുകാരനായ അര്‍ജുനുമായി എങ്ങനെയാണ് ഇത്രയും ആഴമുള്ള സൗഹൃദം രൂപപ്പെട്ടത്? ആ സൗഹൃദത്തിന്റെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തുകയാണ് ഇരുപത്തൊന്‍പതുകാരിയായ ഡാനിയേല വ്യാട്ട്. ആദ്യമായി കണ്ടതെന്ന്, സൗഹൃദം വളര്‍ന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഡാനിയേല വെളിപ്പെടുത്തിയത്. അര്‍ജുനുമായുള്ള സൗഹൃദം ഡാനിയേലയുടെ വാക്കുകളിലൂടെ തന്നെ കേള്‍ക്കാം:

‘2009ലോ 2010ലോ ആണെന്നു തോന്നുന്നു, ആദ്യമായി ഞാന്‍ സച്ചിനെയും അര്‍ജുനെയും കാണുന്നത് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍വച്ചാണ്. എംസിസി യുവ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമായിരുന്നു അവര്‍. അന്ന് സച്ചിന്‍ അവിടെ നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ കൂടെ അര്‍ജുനുമുണ്ടായിരുന്നു. ഞാന്‍ നേരെ അവിടേക്കു ചെന്ന് എന്നെത്തന്നെ പരിചയപ്പെടുത്തി.

‘അന്ന് അര്‍ജുന് കൂടിപ്പോയാല്‍ ഒരു 10 വയസ്സ് കാണും. തീരെ ചെറിയ കുട്ടിയായിരുന്നു. അന്നത്തെ ഞങ്ങളുടെ ഫോട്ടോ ഗൂഗിളിലോ മറ്റോ ഉണ്ട്. അന്ന് നെറ്റ്‌സില്‍ ഞാന്‍ അര്‍ജുനെതിരെ ബോള്‍ ചെയ്തു. അവന്‍ വളരെ നന്നായിത്തന്നെ കളിച്ചു. അതിനുശേഷം അര്‍ജുന്‍ എന്നൊക്കെ ലോര്‍ഡ്‌സിലെ നെറ്റ്‌സില്‍ പരിശീലിക്കാന്‍ വന്നാലും എനിക്കെതിരെ ന്യൂബോള്‍ എറിയാന്‍ ആവശ്യപ്പെടും. ഇപ്പോള്‍ അവന്റെ ബോളിങ് വേഗം വളരെയധികം കൂടിയിട്ടുണ്ട്.’

‘ബൗണ്‍സറെറിഞ്ഞ് എന്റെ തലയില്‍ കൊള്ളിക്കുമെന്ന് അര്‍ജുന്‍ എപ്പോഴും പറയും. അതുകൊണ്ട് ഇപ്പോള്‍ അവനെക്കൊണ്ട് ബോള്‍ ചെയ്യിക്കാന്‍ എനിക്കു വലിയ താല്‍പര്യമില്ല. വളരുന്തോറും അവന്റെ പന്തുകള്‍ നേരിടുന്നത് വളരെ അപകടകരമായി മാറുകയും ചെയ്തു.’

‘അര്‍ജുന്റെ കുടുംബവും വളരെ സൗഹൃദത്തോടെ പെരുമാറുന്നവരാണ്. അര്‍ജുന്റെ അമ്മയും വളരെ കൂട്ടാണ്. അടുത്തിടെ ഓസ്‌ട്രേലിയയില്‍വച്ച് ലോകകപ്പിനിടെ ഞാന്‍ സച്ചിനെ കണ്ടു. അദ്ദേഹത്തിനടുത്തേക്ക് ഓടിച്ചെന്ന് സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്കു വളരെ ഇഷ്ടമാണ്.’

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചാണ് ഡാനിയേല വ്യാട്ട് ആദ്യമായി ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധയിലെത്തുന്നത്. ഇംഗ്ലണ്ടിനായി ഇതുവരെ 74 ഏകദിനത്തിലും 109 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തില്‍ 19.76 ശരാശരിയില്‍ ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും സഹിതം 1028 റണ്‍സും 27 വിക്കറ്റും നേടി. ട്വന്റി20യില്‍ 20.10 ശരാശരിയില്‍ രണ്ടു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും സഹിതം 1588 റണ്‍സ് നേടി. ഇതിനു പുറമെ 46 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment