രോഗം ഉള്ളവരും ഇല്ലാത്തവരും വെവ്വേറെ വിമാനങ്ങളില്‍ വരണം; ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല; പ്രവാസികളുടെ വരവില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. കോവിഡ് പരിശോധനാസൗകര്യം ഇല്ലാത്തിടത്ത് എംബസികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം എന്നാണ് പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടത്.

യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് കേന്ദ്രം പ്രത്യേക സൗകര്യം ഏർപ്പെടുത്തണം. സാമ്പത്തിക പ്രയാസമുള്ളവർക്ക് സൗജന്യ ടെസ്റ്റിങ് നടത്താനുള്ള സൗകര്യമുണ്ടാകണം. രോഗമുള്ളവരെയും സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ഉള്ളവർ ഒരുമിച്ച് വരണം. അങ്ങനെ വന്നാൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തയാറാണ്. അവർക്ക് ചികിത്സ നൽകും. രോഗമുള്ളവർ മറ്റുള്ള രാജ്യങ്ങളിൽ കഴിയട്ടെ എന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടേക്കു വരുന്ന യാത്രക്കാർക്ക് പരിശോധന നടത്തണമെന്നാണ് സംസ്ഥാനം പറയുന്നത്. അതിനെ മറ്റു തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. പിസിആർ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അത്തരം സ്ഥലങ്ങളിൽ ആന്റി ബോഡി ടെസ്റ്റ് നടത്തിയാൽ ഫലം വേഗത്തിൽ ലഭിക്കും. ട്രൂനാറ്റ് ടെസ്റ്റിന് കുറഞ്ഞ ചെലവേ വരൂ. പരിശോധനാ സൗകര്യം ഇല്ലാത്തിടത്ത് എംബസികൾ വഴി ഇന്ത്യാ സർക്കാർ ക്രമീകരണം ഏർപ്പെടുത്തണം.

ഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവർക്കും അവർ അവതരിപ്പിച്ച മൊൈബൽ ആപ് നിർബന്ധമാണ്. അതിൽ ഗ്രീൻ സ്റ്റാറ്റസുള്ളവർക്കേ പൊതു ഇടങ്ങളിൽ പ്രവേശനമുള്ളൂ. ഖത്തറിൽ നിന്നു വരുന്നവർക്ക് ഈ നിബന്ധന മതിയാകും. യുഎഇ വിമാനത്താവളത്തിൽ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലും വിമാന കമ്പനികൾ ആരോഗ്യമന്ത്രാലയവുമായി ചേർന്ന് ടെസ്റ്റിങ് നടത്തണം. യാത്രക്കാർ വർധിക്കുമ്പോൾ രോഗികളുടെ എണ്ണം വർധിക്കാനിടയുള്ളതിനാലാണ് പരിശോധന വേണമെന്ന് സർക്കാർ പറയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദേശത്തുനിന്ന് വരുന്നവരിൽ ഒന്നരശതമാനം ആളുകൾക്ക് ഇപ്പോൾ കോവിഡ് പോസിറ്റീവാകുന്നുണ്ട്. രണ്ടു ലക്ഷത്തോളം പ്രവാസികൾ കേരളത്തിലേക്ക് വരാനിടയുണ്ട്. അവരിൽ 2% പോസിറ്റീവായാൽ അതിന്റെ ഭാഗമായിതന്നെ വിദേശത്തുനിന്നു വരുന്നവരിൽ 4000 പേർ പോസിറ്റീവാകും. സമ്പർക്കംമൂലം കൂടുതൽ ആളുകളിലേക്കു രോഗം വ്യാപിക്കും. സമൂഹവ്യാപനമെന്ന വിപത്ത് സംഭവിച്ചേക്കാം. വന്ദേഭാരത് മിഷനിലൂടെ 179 വിമാനവും 124 ചാർട്ടേഡ് വിമാനങ്ങളുമാണ് ഇതുവരെ കേരളത്തിലെത്തിയത്. ജൂൺ 24വരെ 149 വിമാനം ചാർട്ട് ചെയ്തിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി 171 വിമാനം വരാനുണ്ട്.

സ്പൈസ് ജെറ്റിന്റെ 100 വിമാനംകൂടി കണക്കിലെടുത്താൽ 420 വിമാനം മൊത്തം വരാനുണ്ട്. ഇന്നലെവരെ സംസ്ഥാനത്ത് 1366 പോസിറ്റീവ് കേസാണുള്ളത്. ഇതിൽ 1246 എണ്ണം വിദേശത്തുനിന്നും മറ്റു സംസ്ഥാനത്തുനിന്നും വന്നവരാണ്. വിദേശത്തുനിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവർ 713 പേരാണ്. മൊത്തം കേസിന്റെ 52.19 ശതമാനമാണിത്. സ്പൈസ് ജെറ്റിന്റെ 300 ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയ ഘട്ടത്തിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായവരെ കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചത്. ചില സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി തേടിയപ്പോൾ നൽകി. അവരോടും സ്പൈസ് ജെറ്റ് ചെയ്യുന്നതുപോലെ കോവിഡ് പരിശോധന വേണമെന്ന് അറിയിച്ചു. സ്പൈസ് ജെറ്റിനു പറ്റുമെങ്കിൽ ആർക്കും പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment