ഉത്ര വധക്കേസ്: സൂരജ് ഇനി വനംവകുപ്പിന്റെ കസ്റ്റഡിയില്‍, ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിന്റെ ഗവേഷകന്‍

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്ര പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂര്‍ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും അഞ്ചല്‍ റേഞ്ച് ഓഫിസിലെത്തിച്ചു.

അതേസമയം, ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിന്റെ ഗവേഷകനെ നിയോഗിക്കാന്‍ ധാരണ. ഇന്നലെ ഡിജിപിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും തമ്മില്‍ ഫോണിലൂടെ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. എസ്പി ഹരിശങ്കറിന്റെ സാന്നിധ്യത്തില്‍ ഡിജിപി ഓഫിസിലായിരുന്നു ചര്‍ച്ച.

ഉത്രയുടെയും പ്രതിയായ ഭര്‍ത്താവ് സൂരജിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് ശാസ്ത്രീയ റിപ്പോര്‍ട്ട് തയാറാക്കാനാണ് വിദഗ്ധനെ തേടുന്നത്. വിഷയത്തില്‍ അറിവും ദീര്‍ഘമായ പരിചയവുമുള്ള രണ്ട് പേരുടെ വിവരങ്ങള്‍ വനം വകുപ്പ് പൊലീസിന് കൈമാറി. ഇവരില്‍ ഒരാള്‍ വൈകാതെ പഠനം നടത്തും. പാമ്പിനെകൊണ്ട് കടിപ്പിച്ചതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്തുകയാണ് പഠന ലക്ഷ്യം.

പാമ്പിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്നു പിടിക്കുകയും വില്‍ക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അംഗീകരിച്ചത്. ഇരുവരുമായി വനം വകുപ്പ് തെളിവെടുപ്പു നടത്തും.

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടിത്തക്കാരന്‍ സുരേഷുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സാക്ഷികള്‍ ഇല്ലാത്ത കൊലപാതമായതിനാല്‍ പരമാവധി വേഗത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment