അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍. അതിനാല്‍ മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയും പറയപ്പെടുന്നു.
കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനികനയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണമെങ്കിലും എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഏത് തരത്തിലുള്ള സംഘര്‍ഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത്, സംഘര്‍ഷത്തിന്റെ കാരണമെന്താണ് തുടങ്ങിയ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം സൈന്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നു.
ചൈനീസ് സൈന്യത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണുള്ളത്. 43 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് വാര്‍ത്താവിതരണ സംവിധാനങ്ങള്‍ ഇന്റര്‍സെപ്റ്റ് ചെയ്തതില്‍ നിന്ന് വ്യക്തമായതായാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പറയുന്നത്. മിനിഞ്ഞാന്ന് രാത്രി ഗല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണലുള്‍പ്പെടെ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചുവെന്നാണ് ഇന്നലെ ഉച്ചയോടെ കരസേന അറിയിച്ചത്. വൈകിട്ടോടെ വീരമൃത്യു വരിച്ചവരുടെ എണ്ണം കൂടിയേക്കാമെന്ന സൂചനകള്‍ പുറത്തുവന്നു. ആദ്യം രാജ്യാന്തര മാധ്യമങ്ങളും പിന്നാലെ ദേശീയ മാധ്യമങ്ങളും ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
രാത്രി പത്തുമണിയോടെ ഇക്കാര്യം സ്ഥിരീകരിച്ച് കരസേന വാര്‍ത്താകുറിപ്പിറക്കി. സംഘര്‍ഷം മാത്രമല്ല, പ്രതികൂല കാലാവസ്ഥയും സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമാണെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായി എന്ന് പറഞ്ഞെങ്കിലും ഇത് എത്രയാണെന്ന വിവരം വാര്‍ത്താകുറിപ്പില്‍ ഇല്ല. സംഘര്‍ഷസ്ഥലത്ത് നിന്ന് ഇരു സൈന്യവും പിന്മാറിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
follow us: PATHRAM ONLINE LATEST NEWS
Leave a Comment