75ലെ യുദ്ധത്തിന് ശേഷം ആദ്യമായി ചൈനയുടെ ആക്രമണം ജീവനെടുത്തു; ഇന്ത്യന്‍ കേണലിനും സൈനികര്‍ക്കും വീരമൃത്യു

ന്യൂഡല്‍ഹി: ഇന്ത്യചൈന യുദ്ധഭീതി സൃഷ്ടിച്ച്‌കൊണ്ട് കിഴക്കന്‍ ലഡാക്കില്‍ സൈനിക നടപടി. ഗാല്‍വന്‍ വാനിയില്‍ നടന്ന വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി കമാന്‍ഡര്‍മാര്‍ യോഗം ചേരുകയാണ്. സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍.

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.

ഇന്ത്യ -– ചൈന അതിര്‍ത്തിയില്‍ ഏപ്രില്‍ മുതല്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയര്‍, കേണല്‍ തലത്തില്‍ ഇന്നലെയും ചര്‍ച്ച നടന്നെങ്കിലും പിന്‍മാറ്റം സംബന്ധിച്ചു ധാരണയായിരുന്നില്ല. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്‌സിലെ പിപി 15,17, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള നാലാം മലനിര (ഫിംഗര്‍ 4) എന്നിവിടങ്ങളിലാണു സംഘര്‍ഷം നിലനില്‍ക്കുന്നത്.

ഇതില്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള പിന്മാറ്റമാം ഇന്നലെ ചര്‍ച്ചയായിരുന്നു. ഇരുപ്രദേശങ്ങളില്‍ നിന്നും പൂര്‍ണ പിന്‍മാറ്റം വൈകാതെയുണ്ടാകുമെന്നു സേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാംഗോങ് തര്‍ക്കവിഷയമായി തുടരുകയാണ്.

follow us: pathram online latest news

pathram:
Related Post
Leave a Comment