ക്യാപ്റ്റനെന്ന നിലയില്‍ കോലി ഒന്നും നേടിയിട്ടില്ലെന്ന് ഗംഭീര്‍

ക്രിക്കറ്റില്‍ വ്യക്തിപരമായ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് വിരാട് കോലി. ടെസ്റ്റില്‍ 27 സെഞ്ചുറികളും ഏകദിനത്തില്‍ 43 സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ 11,000 റണ്‍സും പിന്നിട്ടു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള 100 സെഞ്ചുറികളുടെ റെക്കോഡ് കോലി തകര്‍ക്കുമെന്നും ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നു.

എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ ഐ.സി.സിയുടെ ഒരു കിരീടം നേടാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇതുവരെ കിരീടം നേടിക്കൊടുക്കാനും കോലിക്ക് സാധിച്ചിട്ടില്ല.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി കരിയറില്‍ ഒന്നും നേടിയിട്ടില്ലെന്ന് ഇന്ത്യയുടെ മുന്‍താരം ഗൗതം ഗംഭീറും പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പരിപാടിയുടെ പുതിയ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. കോലി കരിയറില്‍ ഇനിയും ഒരുപാട് നേട്ടങ്ങള്‍ പിന്നിടാനുണ്ടെന്നും ഗംഭീര്‍ പറയുന്നു. വലിയ കിരീടങ്ങള്‍ നേടാതെ ഒരിക്കലും പരിഗണിക്കപ്പെടില്ലെന്നും കരിയറിലെ ഒരു സ്വപ്നമായി അത് അവശേഷിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

‘മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് കോലി. വിരാട് കോലിയുടെ അതേ കഴിവുള്ള താരങ്ങള്‍ വളരെ കുറവാണ്. ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച യോഗ്യത എന്താണെന്നാല്‍ ടീമിലെ കളിക്കാരെ അവരുടെ കഴിവിന് അനുസരിച്ച് അംഗീകരിക്കുക എന്നതാണ്. ഒരിക്കലും താരതമ്യം ചെയ്യാന്‍ പാടില്ല. ഒരാളുടെ കഴിവ് മറ്റൊരാളുടെ കഴിവുമായി താരതമ്യം ചെയ്യരുത്. ഒരോ വ്യക്തിയും വ്യത്യസ്തമാണെന്ന് ഓര്‍ക്കണം.’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7