സുശാന്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അവിസ്മരണീയമെന്ന് വെളിപ്പെടുത്തി പാണ്ഡെ..ബാറ്റിങ് കണ്ട ധോണി, സുശാന്തിന് രഞ്ജി ട്രോഫി കളിക്കാനാകുമെന്ന് പറഞ്ഞിരുന്നു

അകാലത്തില്‍ വിടപറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കിയ ചിത്രമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ധോണിയെ വെള്ളിത്തിരയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ സുശാന്ത് ചെയ്ത കഠിനാധ്വാനം ചില്ലറയല്ല. ധോണിയുടെ വേഷം ചെയ്യാന്‍ ഒരു വര്‍ഷത്തോളമാണ് അദ്ദേഹം പ്രത്യേക പരിശീലനം നടത്തിയത്. ധോണിയുടെ ട്രേഡ്മാര്‍ക്ക് ഷോട്ടായ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നതു മുതല്‍ ധോണിയേപ്പോലെ തറയില്‍ കിടന്ന് ഉറങ്ങുന്നതുവരെ ഒപ്പം നടന്ന് അനുകരിച്ച സുശാന്തിന്റെ കഠിനാധ്വാനത്തിന്റെ കഥ പറയുകയാണ് ധോണിയുടെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ ബയോപിക്കിന്റെ സഹ നിര്‍മാതാവുമായ അരുണ്‍ പാണ്ഡെ.

സുശാന്തിനൊപ്പം താനും ധോണിയും ചെലവഴിച്ച നിമിഷങ്ങള്‍ അവിസ്മരണീയമെന്ന് വെളിപ്പെടുത്തുകയാണ് പാണ്ഡെ. ‘വെള്ളിത്തിരയില്‍ ധോണിയുടെ ജീവിതം അവതരിപ്പിക്കാന്‍ തനിക്കു സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കപ്പെട്ടിരുന്ന വ്യക്തിയാണ് സുശാന്ത്. 2016ല്‍ സിനിമ റിലീസ് ചെയ്യുന്നതുവരെ അദ്ദേഹം അനുഭവിച്ച ടെന്‍ഷന്‍ വളരെ വലുതായിരുന്നു’ പാണ്ഡെ അനുസ്മരിക്കുന്നു.

‘ധോണിയുടെ വേഷം ചെയ്യാന്‍ എന്നേക്കൊണ്ട് സാധിക്കുമായിരിക്കും. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ എന്നോടു പൊറുക്കുമോ’ എന്ന് സുശാന്ത് പതിവായി പറഞ്ഞിരുന്നു. പക്ഷേ, കഥാപാത്രത്തിനായി സുശാന്ത് നടത്തുന്ന കഠിനാധ്വാനം അറിയാവുന്ന എനിക്ക് അദ്ദേഹം മികച്ച രീതിയില്‍ത്തന്നെ ധോണിയെ അവതരിപ്പിക്കുമെന്ന് ഉറപ്പായിരുന്നു’ പാണ്ഡെ പറഞ്ഞു. ധോണിയുടെ വേഷം അഭിനയിക്കുന്നതിനായി മാസങ്ങളോളം സുശാന്ത് അദ്ദേഹത്തിനൊപ്പം സമയം ചെലവഴിച്ചതായി പാണ്ഡെ വെളിപ്പെടുത്തി. ധോണിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചെറിയ കാര്യം പോലും മനസ്സിലാക്കാന്‍ സുശാന്ത് കാട്ടിയ ഉത്സാഹവും അദ്ദേഹം അനുസ്മരിച്ചു.

‘ഒരിക്കല്‍ ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പരിശീലിക്കുകയാണ് സുശാന്ത്. പെട്ടെന്ന് കൈക്കു പരുക്കേറ്റു. അദ്ദേഹം മതിയായ വിശ്രമമെടുത്തു തിരിച്ചുവരട്ടെ എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. എന്നാല്‍, ഞാന്‍ മൂലം താമസം വരണ്ട എന്ന് പറഞ്ഞ് അദ്ദേഹം ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും പരിശീലനത്തിനെത്തി’ പാണ്ഡെ പറഞ്ഞു.

ധോണിയുടെ വേഷം ചെയ്യാനായി നടത്തിയ കടുത്ത പരിശീലനത്തിലൂടെ സുശാന്ത് മികച്ചൊരു ക്രിക്കറ്റ് താരമായി മാറിയ കാര്യം ധോണി തന്നെ തുറന്നു സമ്മതിച്ചിരുന്നു. ഒരിക്കല്‍ മൊബൈല്‍ ഫോണില്‍ സുശാന്തിന്റെ ബാറ്റിങ് കണ്ട ധോണി, വേണമെങ്കില്‍ അദ്ദേഹത്തിന് രഞ്ജി ട്രോഫി കളിക്കാനാകുമെന്ന് അഭിനന്ദിച്ചിരുന്നു. ഇക്കാര്യം സുശാന്ത് തന്നെ പലയിടത്തും പറയുകയും ചെയ്തു.

എയര്‍ ഇന്ത്യയ്ക്കായി കളിക്കുന്ന കാലത്ത് ധോണി കുറച്ചുനാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നു. ആ കാലം സിനിമയില്‍ പുനരാവിഷ്‌കരിക്കുന്നതിനായി അന്നത്തെ ധോണിയുടെ ജീവിതം സുശാന്തിന് പരിചയപ്പെടുന്നതിന് മൂവരും എയര്‍ ഇന്ത്യ കോളനിയിലേക്കു പോയതും പാണ്ഡെ വെളിപ്പെടുത്തി.

‘ഡല്‍ഹിയിലെ എയര്‍ ഇന്ത്യാ കോളനിയില്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാനും ധോണിയും സുശാന്തും കൂടി പോയത് രസമുള്ള ഓര്‍മയാണ്. അവിടുത്തെ തന്റെ ജീവിതത്തെക്കുറിച്ച് ധോണി ഓര്‍ത്തെടുക്കുമ്പോള്‍ എല്ലാം ശ്രദ്ധിച്ച് സുശാന്തുമുണ്ടായിരുന്നു. എവിടെയെിരുന്നാണ് താന്‍ ഭക്ഷണം കഴിച്ചിരുന്നത്, സ്ഥിരമായി എവിടെയാണ് ഇരുന്നിരുന്നത് എന്നെല്ലാം ധോണി വിവരിക്കും. സുശാന്ത് അതെല്ലാം അതേപടി അനുകരിക്കും. ധോണി നിലത്തു കിടന്നിരുന്ന ഒരു സ്ഥലമുണ്ട്. അവിടെ അതേപടി സുശാന്തും കിടന്നുനോക്കി. ധോണിയുടെ വേഷം ചെയ്യാന്‍ ലഭിച്ച അവസരം ഭാഗ്യമായാണ് അദ്ദേഹം കണ്ടിരുന്നത്’ പാണ്ഡെ വിവരിച്ചു

നിലവില്‍ പദ്ധതിയിട്ടിരുന്നില്ലെങ്കിലും ധോണിയുടെ ജീവിതകഥ പറഞ്ഞ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സാധ്യത പോലും സുശാന്തിന്റെ മരണത്തോടെ ഇല്ലാതായെന്ന് പാണ്ഡെ ചൂണ്ടിക്കാട്ടി. ‘ആ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. എങ്കില്‍ക്കൂടി ഇനി അങ്ങനെയൊരു സാധ്യത പോലുമില്ലാതായി. സുശാന്ത് മരിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എപ്പോഴും വളരെ ഊര്‍ജസ്വലനായി കാണപ്പെട്ട വ്യക്തിയാണ് സുശാന്ത്. അദ്ദേഹം ജീവനൊടുക്കുമെന്ന് വിശ്വസിക്കുക പ്രയാസം’ പാണ്ഡെ ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment