2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെ എട്ട് പേര്‍ എന്റെ കീഴില്‍ കളിച്ചു തുടങ്ങിയവര്‍; ഗാംഗുലി

കൊല്‍ക്കത്ത: 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏഴോ എട്ടോ പേര്‍ തനിക്കു കീഴില്‍ കളിച്ചു തുടങ്ങിയവരാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതില്‍ത്തന്നെ തന്റെ കീഴില്‍ 2003ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിലെ ചിലരുണ്ടായിരുന്നുവെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. അണ്‍അക്കാദമിക്കായി ലൈവ് വിഡിയോ ലെക്ചര്‍ നല്‍കുമ്പോഴാണ് ഗാംഗുലി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ധോണി നേടിയ അവസാന പന്തിലെ സിക്‌സ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും തിളങ്ങി നില്‍ക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

‘എന്നെ സംബന്ധിച്ച് 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയ ദിനമാണ് ഏറ്റവും വലുത്. ധോണിയും അദ്ദേഹത്തിന്റെ അവസാന പന്തിലെ ആ സിക്‌സറും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും വിളങ്ങിനില്‍ക്കും. എന്തൊരു നിമിഷമായിരുന്നു അത്. അന്ന് ഞാന്‍ കമന്ററി ബോക്‌സിലുണ്ടായിരുന്നു. ധോണിയും സംഘവും വിജയത്തിനുശേഷം മൈതാനം വലംവയ്ക്കുന്നത് കാണാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത് ഇപ്പോഴും ഓര്‍മയുണ്ട്’ ഗാംഗുലി പറഞ്ഞു.

‘ആ ടീമിലെ (2011ല്‍ ലോകകപ്പ് നേടിയ ടീമിലെ) ഏഴോ എട്ടോ പേര്‍ എനിക്കു കീഴില്‍ കളിച്ചു തുടങ്ങിയവരാണ്. വീരേന്ദര്‍ സേവാഗ്, മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റ തുടങ്ങിയവരെല്ലാം അക്കൂട്ടത്തിലുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഞാന്‍ അവശേഷിപ്പിച്ചുപോയ ആ പൈതൃകത്തില്‍ അതിയായ അഭിമാനമുണ്ട്. സ്വന്തം മണ്ണിലും വിദേശത്തും ജയിക്കാന്‍ കെല്‍പ്പുള്ള ഒരു ടീമിനെ രൂപപ്പെടുത്തിയെടുത്തു എന്നതാണ് എന്റെ പ്രധാന സംഭാവനയെന്ന് കരുതുന്നു’ ഗാംഗുലി പറഞ്ഞു.

2003ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാനാസ്ബര്‍ഗില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ കളിച്ച ടീമിലെ ചില താരങ്ങളും 2011ല്‍ കിരീടം നേടിയ ടീമിലുണ്ടായിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവരാണ് ഗാംഗുലിക്കു കീഴില്‍ ഫൈനലില്‍ തോറ്റ ടീമില്‍ അംഗങ്ങളായിരുന്നത്. ഇവര്‍ക്ക് പിന്നീട് 2011ല്‍ ധോണിക്കു കീഴില്‍ കിരീടം നേടിയ ടീമിന്റെയും ഭാഗമാകാന്‍ ഭാഗ്യം ലഭിച്ചു.

2003ല്‍ ഫൈനലിലെത്തിയ ടീമിലും ധോണിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്ന് മുന്‍പ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ‘എ സെഞ്ചുറി നോട്ട് ഇനഫ്’ എന്ന തന്റെ പുസ്തകത്തിലാണ് ഗാംഗുലി ഈ ആശയം പങ്കുവച്ചത്. ‘2003ലെ ലോകകപ്പ് ടീമില്‍ ധോണിയുമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന സമയത്ത് ധോണി ഇന്ത്യന്‍ റെയില്‍വേയില്‍ ടിടിഇ ആയിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടു. അവിശ്വസനീയം’ ഗാംഗുലി എഴുതി.

follow us: pathram online latest news

pathram:
Leave a Comment