ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കറിയാം? പലപ്പോഴും പുറത്തു കാണിക്കുന്നത് തികച്ചും വ്യത്യസ്തമായിരിക്കും’ അനുശോചിച്ച് യുവി

‘എനിക്ക് സത്യമായും ഇതു വിശ്വസിക്കാനുകില്ല. തീരെ ചെറുപ്രായത്തില്‍ വിജയം കൈവരിച്ചയാള്‍ തന്നെയല്ലേ? (ഓരോരുത്തരുടെയും) ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കറിയാം? പലപ്പോഴും പുറത്തു കാണിക്കുന്നത് തികച്ചും വ്യത്യസ്തമായിരിക്കും’ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് കുറിച്ച വാക്കുകള്‍. ചലച്ചിത്ര ലോകത്ത് ചെറുപ്രായത്തില്‍ത്തന്നെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ സുശാന്ത് രജ്പുത്തിന്റെ വിയോഗ വാര്‍ത്ത ആര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല

‘എം.എസ്. ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയ്ക്കായി സുശാന്ത് സിങ്ങിനെ ഒരു വര്‍ഷത്തോളം ക്രിക്കറ്റ് പരിശീലിപ്പിച്ച കിരണ്‍ മോറെയ്ക്കും അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല. ‘വ്യക്തിപരമായി ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണിത്. എം.എസ്. ധോണിയുടെ വേഷം ചെയ്യാനായി ഞാന്‍ പരിശീലിപ്പിച്ച നടനാണ് സുശാന്ത് സിങ് രജ്പുത്ത്. ഞാനായാലും അദ്ദേഹത്തെ പരിചയമുള്ള ആരായാലും ഈ ഞെട്ടലില്‍നിന്ന് എങ്ങനെ മുക്തരാകുമെന്ന് അറിയില്ല. ഈ വേര്‍പാട് വളരെ നേരത്തെയായിപ്പോയല്ലോ സുഹൃത്തേ…’ കിരണ്‍ മോറെ കുറിച്ചു.

‘സുശാന്ത് സിങ് രജ്പുത് ജീവനൊടുക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. അതു വളരെയധികം സങ്കടപ്പെടുത്തുകയും ചെയ്യുന്നു. താജ് ഹോട്ടലിലെ ജിമ്മില്‍വച്ചാണ് ഒടുവില്‍ അദ്ദേഹവുമായി സംസാരിച്ചത്. കേദാര്‍നാദിലെ അഭിനയത്തിന് ഞാന്‍ അദ്ദേഹത്തെ അനുമോദിച്ചിരുന്നു. ‘ഭായ്, ചിച്ചോരെയും കാണൂ. താങ്കള്‍ക്ക് ഉറപ്പായും ഇഷ്ടമാകും’ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി’ ഇര്‍ഫാന്‍ പഠാന്‍ അനുസ്മരിച്ചു.

സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗ വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ്. യുവത്വം വിട്ടിട്ടില്ലാത്ത പ്രതിഭാധനനായ നടന്‍. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കുറിച്ചു.

ഇത് ഒരു വ്യാജ വാര്‍ത്തയാണെന്ന് ആരെങ്കിലും എന്നോടു പറയൂ. സുശാന്ത് സിങ് രജ്പുത് ഇനിയില്ലെന്ന സത്യം അംഗീകരിക്കാനാകുന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അനുശോചനങ്ങള്‍. വളരെ ദുഖഃകരം’ ഹര്‍ഭജന്‍ സിങ് കുറിച്ചു.

ഇവര്‍ക്കു പുറമെ വിരാട് കോലി, വീരേന്ദര്‍ സേവാഗ്, ആകാശ് ചോപ്ര, രവി ശാസ്ത്രി, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷ ഭോഗ്‌ലെ, അജിന്‍ക്യ രഹാനെ, അനില്‍ കുംബ്ലെ, ശുഐബ് മാലിക്ക്, മുഹമ്മദ് കൈഫ്, ആര്‍.പി. സിങ്, വാഷിങ്ടണ്‍ സുന്ദര്‍, കമ്രാന്‍ അക്മല്‍ തുടങ്ങിയവരെല്ലാം സുശാന്തിന്റെ മരണത്തില്‍ ഞെട്ടല്‍ അറിയിച്ചും നിത്യശാന്തി നേര്‍ന്നും ട്വീറ്റ് ചെയ്തു.

pathram:
Related Post
Leave a Comment