പ്രവാസികള്‍ക്ക് കോവിഡ് പരിശോധന; പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ക്ക് കോവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു. പോസിറ്റീവ് ആയ ആളുകളില്‍നിന്ന് സഹയാത്രക്കാര്‍ക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ് പരിശോധിച്ച ശേഷം വരുന്നതായിരിക്കും ഉചിതം എന്നു പറഞ്ഞത്.

ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമായിരിക്കും ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നു തന്നെയാണ് കരുതുന്നത്.

ഇന്നുവരെ സാമൂഹ്യവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ധാരാളം ആളുകള്‍ വരുകയും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍ സാമൂഹ്യവ്യാപനത്തിനുള്ള സാധ്യതയുണ്ട്. ഇതുവരെയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സാമൂഹ്യവ്യാപനത്തെ ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മറ്റു രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ നോക്കുമ്പോള്‍ വന്‍ തോതില്‍ സാമൂഹ്യവ്യാപനം ഉണ്ടായതായി കാണാം. തുടക്കത്തില്‍ത്തന്നെ ഹോം ക്വാറന്റീന്‍ കൊണ്ടുവന്നു.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പത്തു ശതമാനം മാത്രമാണ് സമ്പര്‍ക്കം മൂലമുള്ള വ്യാപനം. അത് അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേസമയം 30 ശതമാനത്തില്‍ കൂടുതലായാല്‍ വളരെയേറെ ഭയക്കണം. നിലവില്‍ അത്തരമൊരു സാഹചര്യമില്ല എന്നതാണ് ആശ്വാസകരം.

വിദേശത്തുനിന്ന് വന്നവര്‍ രോഗബാധിതരല്ല. ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് വന്നത്. അവരില്‍ പലര്‍ക്കും കോവിഡ് ഉണ്ടായിരുന്നു. ഇനി വരുന്നവരിലും അതുണ്ടാകാം. അതുകൊണ്ടാണ് പരിശോധന നടത്തണമെന്ന് പറഞ്ഞത്. രോഗികള്‍ യാത്രചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ആരോടും ഇവിടേയ്ക്ക് വരേണ്ട എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS..

pathram:
Related Post
Leave a Comment