സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികള്‍ ഉറപ്പുവരുത്തണം.

ജോലിയില്‍ പ്രവേശിച്ച് ഇതിനകം നിയമനപരിശോധന (സര്‍വീസ് വെരിഫിക്കേഷന്‍) പൂര്‍ത്തിയാക്കാത്തവരും പി.എസ്.സി.യിലെ അവരുടെ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് പി.എസ്.സി. സെക്രട്ടറി കത്തുനല്‍കിയിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പാണ് ഉത്തരവിറക്കിയത്.

പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവ നടത്താന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയല്‍ നടത്തുന്നുണ്ട്. ആറുമാസംമുമ്പാണ് പി.എസ്.സി. ഇതാരംഭിച്ചത്. ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയുകയാണ് ലക്ഷ്യം. നിയമനശുപാര്‍ശ നേരിട്ട് കൈമാറുന്ന രീതി ഈയിടെ പി.എസ്.സി. ആരംഭിച്ചിരുന്നു. അതും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്‍പ്പെടെ തിരിച്ചറിയല്‍ നടത്തിയിരുന്നത്. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഇത് താത്കാലികമായി നിര്‍ത്തിവെച്ചു.

സര്‍ക്കാര്‍ജോലിയില്‍ സ്ഥിരപ്പെടാന്‍ പി.എസ്.സി.യുടെ നിയമനപരിശോധന 2010 മുതലാണ് ഏര്‍പ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയല്‍ അടയാളങ്ങള്‍ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്കു കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയില്‍ സ്ഥിരപ്പെടുത്തൂ.

ഒരുവര്‍ഷംമുമ്പേ ആധാറിനെ തിരിച്ചറിയല്‍ രേഖയാക്കി പി.എസ്.സി. അംഗീകരിച്ചിരുന്നു. പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു. പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷനില്‍ ഇതുവരെയായി 53 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 32 ലക്ഷം പേര്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരില്‍ നിയമനശുപാര്‍ശ കിട്ടുന്നവര്‍ ആധാര്‍ ബന്ധിപ്പിക്കണം. പുതുതായി പി.എസ്.സി.യില്‍ രജിസ്റ്റര്‍ചെയ്യാനും ആധാര്‍ നിര്‍ബന്ധമാണ്.

ആള്‍മാറാട്ടം തടയല്‍ആണ് ലക്ഷ്യമിടുന്നത്. ഇനി നടപ്പിലാകാന്‍ പോകുന്ന കാര്യങ്ങള്‍ ഇങ്ങനെയാവും. പി.എസ്.സി.യില്‍ ഒറ്റത്തവണ പ്രൊഫൈല്‍ രജിസ്ട്രേഷന്‍ നടത്താന്‍ ആധാര്‍ ബന്ധിപ്പിക്കണം. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ മാത്രമേ പി.എസ്.സി.യുടെ വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കാനാകൂ. അപേക്ഷ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് ഉറപ്പുള്ളവരെ പി.എസ്.സി. പരീക്ഷയ്ക്കു ക്ഷണിക്കും. പരീക്ഷാഹാളിലെ ബയോമെട്രിക് പരിശോധനയിലൂടെ അപേക്ഷകന്‍ തന്നെയാണ് പരീക്ഷയെഴുതുന്നതെന്ന് ഉറപ്പാക്കും. കായികപരീക്ഷ, അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്കും ബയോമെട്രിക് പരിശോധനയിലൂടെ അപേക്ഷകനെ ഉറപ്പാക്കും. ജോലിയില്‍ പ്രവേശിച്ചശേഷമുള്ള നിയമന പരിശോധനയ്ക്കും ആധാര്‍ ഉപയോഗിക്കുന്നതോടെ പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരായ ആള്‍തന്നെയാണ് ജോലിയിലുള്ളതെന്ന് ഉറപ്പാക്കാനാകും.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment