കോവിഡ് വ്യാപനം വന്‍തോതില്‍; ചെന്നൈയില്‍നിന്നും കേരളത്തിലേക്ക് മലയാളികളുടെ കൂട്ടപ്പാലായനം

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക്. സ്വന്തംവാഹനങ്ങളിലും വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മലയാളിസംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വാഹനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഇതിനകം കേരളത്തിലെത്തി. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവര്‍പോലും താത്കാലികമായി നഗരം വിട്ടുപോകുകയാണ്.

കേരളം കൂടാതെ കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകുകയാണ്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് നഗരവാസികള്‍ ഭീതിയിലായത്. ഓരോ ദിവസവും 1500-ഓളം പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകള്‍ നിറഞ്ഞുതുടങ്ങിയതും സ്വന്തം നാടുകളിലേക്കുള്ള പലായനത്തിന് പ്രേരിപ്പിക്കുന്നു.

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തംസ്ഥലങ്ങളില്‍ തിരിച്ചെത്താന്‍ അടച്ചിടല്‍ വ്യവസ്ഥകളില്‍ ഇളവുനല്‍കിയതോടെ കേരളത്തിലേക്ക് വലിയതോതില്‍ ആളുകള്‍ പോയിത്തുടങ്ങിയിരുന്നു. എന്നാല്‍, അതില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികള്‍, തൊഴില്‍ നഷ്ടമായവര്‍, താത്കാലിക ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ തുടങ്ങിയവരായിരുന്നു. ഒരേ സ്ഥലങ്ങളിലേക്ക് പോകേണ്ടവരെ ഒന്നിപ്പിച്ച് വാഹനങ്ങള്‍ ക്രമീകരിക്കാന്‍ പ്രധാന മലയാളിസംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇരുചക്രവാഹനങ്ങളില്‍ കേരളത്തിലേക്ക് പോയവരുമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കുടുംബമായി പോകുന്നവരാണ് അധികവും.

സ്വന്തംവാഹനങ്ങളിലും വാടകവാഹനങ്ങളിലും പോകുന്നതുകൂടാതെ വിമാന മാര്‍ഗം നാട്ടിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. റോഡുമാര്‍ഗം പോകുന്നതിന് കേരളസര്‍ക്കാരിന്റെ പാസ് കിട്ടാന്‍ വൈകുന്നുണ്ടെങ്കിലും വിമാന യാത്രക്കാര്‍ക്ക് വേഗത്തില്‍ പാസ് ലഭിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനം ഒക്ടോബര്‍-നവംബര്‍വരെ തുടരാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് കുടുംബസമേതം നാട്ടിലേക്കുപോകുന്നവര്‍ വര്‍ധിച്ചത്. ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3.5 ലക്ഷം വരെയാകാമെന്നാണ് വിലയിരുത്തല്‍.

pathram:
Related Post
Leave a Comment