പത്ത് ദിവസത്തിനിടെ ഒരു ആശുപത്രിയിലെ 90 ഓളം ഡോക്റ്റര്‍മാര്‍ക്ക് കോവിഡ് ബാധ; ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്ഥിതി ദയനീയം

കഴിഞ്ഞ പത്തു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90ഓളം ഡോക്ടര്‍മാര്‍ക്ക്. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചെന്നൈയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ 500 കിടക്കകള്‍കൂടി വര്‍ധിപ്പിക്കാന്‍ ഒരുങ്ങവെയാണ് നിരവധി ഡോക്ടര്‍മാര്‍ക്ക് രോഗബാധ.

രണ്ടു ദിവസത്തിനകം 500ഓളം കിടക്കകള്‍ തയ്യാറാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ, തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്ഥിതി ദയനീയമാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസത്തോളമായി ശരിയായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കുടുംബാംഗങ്ങളെ കാണാനോ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വാട്‌സാപ്പ് അടക്കമുള്ളവയിലൂടെ മാത്രമാണ് പലരും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നത്.

അതിനിടെ ചെന്നൈയിലെയും സമീപ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ 2000 നഴ്‌സുമാരെക്കൂടി സര്‍ക്കാര്‍ പുതുതായി നിയമിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ 81 റാപ്പിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ ടീമുകളെക്കൂടി വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. ചെന്നൈ കോര്‍പ്പറേഷന്‍ പരിധിയില്‍ വിന്യസിച്ചിട്ടുള്ള 173 മൊബൈല്‍ മെഡിക്കല്‍ സംഘങ്ങള്‍ക്ക് പുറമെയാണിത്.

പനി ക്യാമ്പുകള്‍ സംഘടിപ്പിക്കുക, കോവിഡ് രോഗികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവയാണ് മെഡിക്കല്‍ സംഘങ്ങളുടെ ദൗത്യം. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളായി ഡോക്ടര്‍മാരും നഴ്‌സുമാരും ലാബ് ടെക്‌നീഷ്യന്മാരും അടക്കം 9646 ഉം 2834 ഉം ആരോഗ്യ പ്രവര്‍ത്തകരെയാണ് അടുത്തിടെ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ടു. ഇതുകൂടാതെയാണ് 2000 നഴ്‌സുമാര്‍ക്കുകൂടി നിയമന ഉത്തരവ് നല്‍കിയിട്ടുള്ളത്. ഇവര്‍ ഉടന്‍തന്നെ ജോലിക്ക് ഹാജരാകും.

ആറു മാസത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് 2000 നഴ്‌സുമാരുടെ നിയമനം. ഇവരെ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം ജില്ലകളില്‍ നിയമിക്കും. ഇതോടെ ആശുപത്രികളിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കപ്പെടുമെന്നും ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ അവകാശപ്പെട്ടു.

FOLLOW US : PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment