ഈ ലക്ഷണങ്ങള്‍ ഉള്ളവരെയും ഇനി കോവിഡ് ടെസ്റ്റിന് വിധേയമാക്കും

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് വ്യാപനം കൂടുന്നതിനിടെ പുതിയ രണ്ട് രോഗലക്ഷണങ്ങള്‍ കൂടി. ഗന്ധമില്ലായ്മയും രുചിയില്ലായ്മയുമാണ് പുതിയ ലക്ഷണങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത്. ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളിലാണ് ഇവ ചേര്‍ത്തിരിക്കുന്നത്. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം, കഫം തുപ്പുക, പേശീവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍

ഒരാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോളും സംസാരിക്കുമ്പോഴും തുപ്പല്‍ പുറത്തേക്ക് തെറിക്കും. അസുഖബാധിതനായ ഒരാളില്‍നിന്ന് ഇത്തരത്തില്‍ പുറത്തേക്കു തെറിക്കുന്ന തുപ്പല്‍, രണ്ടു പേര്‍ തമ്മില്‍ അടുത്തിടപഴകുമ്പോള്‍ മറ്റേയാളിലേക്കു പടരുന്നു. തുപ്പല്‍ നിലത്തും ഉണ്ടാകാം. അതിനാല്‍ അസുഖമില്ലാത്തയാള്‍ നിലത്തു ചവിട്ടുമ്പോഴോ, കൈകള്‍ കണ്ണിലും മൂക്കിലും വായിലും തൊടുമ്പോഴോ അസുഖം പകരാമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവര്‍ക്കും കോവിഡ് വേഗത്തില്‍ പകരാം. കോവിഡിന് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സജീവമായി പുരോഗമിക്കുകയാണ്.

follow us: pathram online latest news

pathram:
Related Post
Leave a Comment