രാജ്യത്ത് കോവിഡ് മൂന്ന് ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം വെള്ളിയാഴ്ച 2903 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 3,04, 019 ആയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,41,842 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 1.01,141 ആയി. 127 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ആകെ മരണസംഖ്യ 3717 ആയി ഉയര്‍ന്നു. 47,793 പേര്‍ പൂര്‍ണ രോഗമുക്തി നേടി. ഇതില്‍ 1718 പേര്‍ വെള്ളിയാഴ്ച ആശുപത്രി വിട്ടു.

തമിഴ്‌നാട് (40,698), !ഡല്‍ഹി (34,687) എന്നിവടങ്ങളാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍. കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. രാജ്യത്തെ രോഗമുക്തിനിരക്ക് ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 49.47% ആണ് രോഗമുക്തിനിരക്ക്. 1,47,194 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,166 പേര്‍ രോഗമുക്തരായി.

രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിനെടുക്കുന്ന സമയം മെച്ചപ്പെടുന്നത് തുടരുകയാണ്. ലോക്ഡൗണിന്റെ തുടക്കത്തില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിനെടുക്കുന്ന സമയം 3.4 ദിവസമായിരുന്നത് ഇപ്പോള്‍ 17.4 ദിവസമായി വര്‍ധിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍, നഗരവികസന സെക്രട്ടറിമാര്‍ എന്നിവരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സ് നടത്തി.

follow us: pathram online latest news

pathram:
Leave a Comment