ജയിലിന് പുറത്ത് വച്ച് കൈകാര്യം ചെയ്യും…; ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ അലനും താഹയ്ക്കും ഋഷിരാജ് സിങ് എട്ടിന്റെ പണികൊടുത്തു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ജയില്‍വകുപ്പ്. ഇവരെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിനായി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താല്‍ക്കാലികമായി മാറ്റിയ അലന്‍, താഹ എന്നിവര്‍ ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയം മുതല്‍ നിയമാനുസൃതമായ ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു.

കൂടാതെ ജില്ലാ ജയിലില്‍ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയുകയും നിയമാനുസരണമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നു. ഇടപെടാനോ അനുനയിപ്പിക്കാനോ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനു പുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് എന്‍ഐഎ കോടതിക്ക് പരാതി നല്‍കിയിരുന്നു. ജീവനക്കാരുടെ റിപ്പോര്‍ട്ടിന്മേല്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്‍പ്പിച്ച്നിരീക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അലന്‍ ഷുഹൈബ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്‍ഐഎ കോടതിക്ക് മുന്നിലാണ് അലന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാപ്പ് സാക്ഷിയാകണമെന്ന് പല കോണുകളില്‍ നിന്നും തനിക്ക് നേരെ ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും അലന്‍ വെളിപ്പെടുത്തി. കേസില്‍ അലനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട താഹ ഫസലിന് എതിരെ മൊഴി നല്‍കാനാണ് സമ്മര്‍ദ്ദം എന്നാണ് ആരോപണം.

എന്നാല്‍ അത്തരത്തില്‍ മൊഴി നല്‍കാന്‍ താന്‍ തയ്യാറല്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയെന്നും അലന്‍ പറഞ്ഞു. താഹയ്ക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാം എന്നാണ് പറയുന്നത് എന്നും അലന്‍ പറഞ്ഞു. അതേസമയം അലന്റെ ആരോപണം എന്‍ഐഎ നിഷേധിച്ചു. മാപ്പുസാക്ഷിയാകാന്‍ അലന് മേല്‍ സമ്മര്‍ദ്ദം ഇല്ലെന്നും താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം മാപ്പുസാക്ഷിയാകാം എന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.

pathram:
Leave a Comment