1,406 പേര്‍ക്ക് കോവിഡ്; സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മാസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികള്‍. ഇന്നലെ ഒറ്റ ദിനം കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ ആകെ രോഗികള്‍ 38,716 ആയി. കോവിഡ് ഹോട്‌സ്‌പോട്ടായി തുടരുന്ന ചെന്നൈയില്‍ ഇന്നലെ 1,406 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ കോവിഡ് ബാധിച്ചു 23 പേര്‍ മരിച്ചപ്പോള്‍ 1,372 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ കോവിഡ് മരണങ്ങള്‍ 349 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 20,705. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 19 മരണങ്ങള്‍ ചെന്നൈയിലാണ്. ഇതോടെ, നഗരത്തില്‍ മാത്രം 279 കോവിഡ് മരണങ്ങളായി.

ചെന്നൈയിലുള്‍പ്പെടെ സംസ്ഥാനത്ത് ഒരിടത്തും കോവിഡ് സമൂഹ വ്യാപനമില്ലെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. ജനസാന്ദ്രത കൂടിയതിനാലാണു ചെന്നൈയില്‍ രോഗ വ്യാപനം തീവ്രമാകുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആവശ്യത്തിനു സൗകര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുള്ളവര്‍ക്കായി 13.48 കോടി സൗജന്യ മാസ്‌കുകള്‍ നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പുനരുപയോഗിക്കാവുന്ന 2 തുണി മാസ്‌കുകളാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. പൊതു വിതരണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 7 കോടിയോളം കുടുംബങ്ങളിലായി 2.08 കോടി റേഷന്‍ കാര്‍ഡുകാരാണ് സംസ്ഥാനത്തുള്ളത്.

മാസ്‌ക് വിതരണവുമായി ബന്ധപ്പെട്ട് റവന്യു അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ ജെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. മാസ്‌കുകളുടെ സംഭരണവും വില നിര്‍ണയവും സമിതി നിശ്ചയിക്കും.

Follo us: pathram online latest news

pathram:
Related Post
Leave a Comment