അരവിന്ദ് കെജ്‌രിവാളിന് പനിയും തൊണ്ടവേദനയും; കോവിഡ് പരിശോധന നാളെ

ന്യൂഡൽഹി: പനി ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വയം സമ്പർക്കവിലക്കിൽ പോയി. പനി തൊണ്ടവേദന എന്നിവയെത്തുടർന്നാണ് കെജ് രിവാൾ സമ്പർക്കവിലക്കിൽ പോയത്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകൾ നാളെ ശേഖരിക്കും.

ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജ്രിവാൾ റദ്ദാക്കിയിരുന്നു. ഞായയറാഴ്ച ഓൺലൈൻ വീഡിയോ കോൺഫറൻസിലാണ് ഒടുവിലായി കെജ്രിവാൾ പ്രത്യക്ഷപ്പെട്ടത്.

ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് അന്നത്തെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികൾ നിറയുമെന്നതിനാലാണ് ഈ തീരുമാനം.

ഡൽഹി സർക്കാരിന് കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകൾ ഡൽഹി നിവാസികൾക്കായി നീക്കിവെക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന് കീഴിലുള്ള ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നൽകുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്താം. ഡോക്ടർമാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ജൂൺ അവസാനത്തോടെ ഡൽഹിയിൽ 15000 കിടക്കകൾ ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

നിലവിൽ 9000 കിടക്കകളാണുള്ളത്. ഇനിയും പുറത്തുനിന്നുള്ള രോഗികളെ പ്രവേശിപ്പിച്ചാൽ മൂന്ന് ദിവസം കൊണ്ട് ഇവയെല്ലാം നിറയുമെന്നും വീഡിയോ കോൺഫറൻസ് വഴി നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment