തൊണ്ണൂറ്റിയൊന്‍പത് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയശേഷം രാജ്യാന്തര ക്രിക്കറ്റിലെ നൂറാം സെഞ്ചുറിക്കായുള്ള ഇന്ത്യന്‍ സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റേയും ഇന്ത്യന്‍ ആരാധകരുടെയും കാത്തിരിപ്പ് സുദീര്‍ഘമായി നീണ്ടുപോയ കഥ എല്ലാവര്‍ക്കുമറിയാം. 99–ാം രാജ്യാന്തര സെഞ്ചുറിക്കുശേഷം ഒരു വര്‍ഷം പിന്നിട്ട കാത്തിരിപ്പിനൊടുവിലാണ് സച്ചിന്‍ 100–ാം സെഞ്ചുറി തികച്ചത്. അതിനിടെ കടന്നുപോയത് 33 ഇന്നിങ്‌സുകള്‍! ആ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം മാത്രമോര്‍മിച്ചാല്‍ മതി, ഈ ചരിത്രനിമിഷത്തിന്റെ വിലയറിയാന്‍. 2011ലെ ലോകകപ്പിലും തുടര്‍ന്നുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളിലും ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ക്രിക്കറ്റ് ലോകം ഒന്നാകെ കാത്തിരുന്നു, ആ ചരിത്ര പിറവി കാണാന്‍. ഓരോ മല്‍സരം പിന്നിടുന്തോറും ആ ചരിത്ര നിമിഷം വഴുതിമാറുന്നത് ആരാധകരെപ്പോലെതന്നെ സച്ചിനെയും നിരാശപ്പെടുത്തിയിരുന്നു.
ഒടുവില്‍ ബംഗ്ലദേശിനെതിരായ ഏഷ്യാ കപ്പ് മല്‍സരത്തിലാണ് സച്ചിന്‍ കാത്തിരിപ്പിനു വിരാമമിടുന്നത്. മിര്‍പുരില്‍ ഷാക്കിബ് അല്‍ ഹസന്റെ പന്ത് തട്ടിയിട്ട് സച്ചിന്‍ ചരിത്രത്തിലേക്ക് കുതിക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നാകെ കയ്യടിച്ചു, ആശ്വസിച്ചു. 2012 മാര്‍ച്ച് 16നായിരുന്നു ആ ചരിത്ര നിമിഷത്തിന്റെ പിറവി. ഇതിനു മുന്‍പ്, ഇന്ത്യയുടെ 2011ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സെഞ്ചുറിയുടെ വക്കിലെത്തിയ സച്ചിനെ ഔട്ട് വിധിച്ചതിന്റെ പേരില്‍ തനിക്കും അംപയറിനും വധഭീഷണി ലഭിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ടിം ബ്രസ്‌നന്‍. ഒരുവേള 100–ാം സെഞ്ചുറിയുടെ വക്കിലെത്തിയ സച്ചിനെ ഓവലില്‍വച്ച് പുറത്താക്കിയത് ബ്രസ്‌നനായിരുന്നു. ഔട്ട് വിളിച്ചത് ഓസ്‌ട്രേലിയക്കാരന്‍ അംപയര്‍ റോഡ് ടക്കറും.
അന്ന് ഇംഗ്ലണ്ടില്‍ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിച്ചത്. ഓവലില്‍ നടന്ന നാലാം ടെസ്റ്റിനിടെയാണ് ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ സച്ചിന്‍ 100–ാം സെഞ്ചുറിയുടെ വക്കിലെത്തിയത്. പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍നിന്നായി ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ സച്ചിന്‍ നാലാം സെഞ്ചുറിയിലേക്കു കുതിക്കുമ്പോള്‍ ആവേശത്തിലായിരുന്നു ആരാധകര്‍. ആദ്യ മൂന്നു ടെസ്റ്റുകള്‍ തോറ്റതിന്റെ നിരാശ മറക്കാന്‍ പോലും അവര്‍ക്ക് ആ ഒരു സെഞ്ചുറി മതിയായിരുന്നു.
പക്ഷേ, സച്ചിന്റെ സ്‌കോര്‍ 91ല്‍ നില്‍ക്കെ ടിം ബ്രസ്‌നന്റെ പന്ത് സച്ചിന്റെ പാഡിലിടിച്ചു. ഇംഗ്ലണ്ട് താരങ്ങളുടെ നീണ്ട അപ്പീലിനൊടുവില്‍ അംപയര്‍ റോഡ് ടക്കര്‍ ചൂണ്ടുവിരലുയര്‍ത്തി. സച്ചിന്‍ ഔട്ട്! അന്നുപക്ഷേ, സച്ചിന്‍ ഔട്ടായിരുന്നില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായി. പന്ത് വ്യക്തമായും ലെഗ് സ്റ്റംപിനു പുറത്തേക്കാണ് പോയിരുന്നത്. അന്ന് ബിസിസിഐ ഡിആര്‍എസിനെ തുറന്നെതിര്‍ക്കുന്ന സമയമാണ്. ഇന്ത്യയ്ക്കും സച്ചിനും അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്യാനുമായില്ല.
‘സച്ചിന്‍ 99 സെഞ്ചുറികളുമായി ചരിത്രനേട്ടത്തിന്റെ വക്കിലായിരുന്നു. പക്ഷേ, ബിസിസിഐയുടെ കനത്ത എതിര്‍പ്പു മൂലം ആ പരമ്പരയില്‍ ഡിആര്‍എസ് ഉണ്ടായിരുന്നില്ല.’
‘പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ഓവലിലായിരുന്നു. മത്സരത്തില്‍ ലെഗ് സ്റ്റംപിന് പുറത്തുപോയ ഒരു പന്തില്‍ ഞങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് ഓസീസ് അംപയര്‍ ടക്കര്‍ സച്ചിനെ ഔട്ട് വിളിച്ചു. ആ സമയത്ത് സച്ചിന്‍ സെഞ്ചുറിക്ക് അരികെയായിരുന്നു. തീര്‍ച്ചയായും 100–ാം സെഞ്ചുറി തികയ്ക്കുമെന്ന് ഉറപ്പുള്ള പ്രകടനം. പക്ഷേ, സച്ചിന്‍ ഔട്ടായെന്നു മാത്രമല്ല, പരമ്പരയും ഞങ്ങള്‍ നേടി.’
‘എന്നാല്‍, സച്ചിനെ പുറത്താക്കിയശേഷമുള്ള നാളുകള്‍ അതികഠിനമായിരുന്നുവെന്നാണ് ബ്രസ്‌നന്റെ വെളിപ്പെടുത്തല്‍. ‘ഞങ്ങള്‍ രണ്ടു പേര്‍ക്കും (അംപയര്‍ റോഡ് ടക്കറാണ് രണ്ടാമന്‍) വധ ഭീഷണികള്‍ ലഭിച്ചുകൊണ്ടിരുന്നു. ഇത് ഏറെക്കാലം തുടര്‍ന്നു. എനിക്ക് ട്വിറ്ററിലാണ് കൂടുതല്‍ വധഭീഷണി ലഭിച്ചത്. ടക്കറിന് അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയയിലെ വീട്ടിലേക്കാണ് ഭീഷണി കത്തുകള്‍ ചെന്നത്. ‘എന്തു ധൈര്യത്തിലാണ് സച്ചിനെ ഔട്ട് വിളിച്ചത്. ആ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോയത്’ എന്നൊക്കെയായിരുന്നു ഭീഷണിയുടെ ഉള്ളടക്കം. പിന്നീട് ഞാന്‍ ടക്കറിനെ കണ്ടപ്പോള്‍ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടി വന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അക്കാലത്ത് പൊലീസ് സുരക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം’ – ബ്രസ്‌നന്‍ വെളിപ്പെടുത്തി.
കരിയറിലെ 99–ാം സെഞ്ചുറി പിറന്ന 2011 മാര്‍ച്ചു മുതല്‍ 100–ാം സെഞ്ചുറി പിറന്ന 2012 മാര്‍ച്ച് വരെ എത്ര ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ആ സെഞ്ചുറിക്കായി കാത്തിരുന്നത്. 2011 മാര്‍ച്ച് 12ന് നാഗ്പൂരില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു സച്ചിന്റെ 99–ാം രാജ്യാന്തര സെഞ്ചുറി; 111 റണ്‍സ്. ലോകകപ്പില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും അതിനു ശേഷം ഏകദിനത്തില്‍ നിന്ന് ദീര്‍ഘനാള്‍ വിട്ടുനിന്ന സച്ചിന്‍ വീണ്ടും ഏകദിനത്തിനു ബാറ്റ് ഏന്തിയത് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലാണ്. ഏഴ് മല്‍സരങ്ങളില്‍ നിന്നു നേടിയത് 143 റണ്‍സ് മാത്രം. ശരാശരി 20.42. ഒരു പരമ്പരയില്‍ സച്ചിന്‍ ഇങ്ങനെ നിറം മങ്ങുന്നതും ഇതാദ്യം.
ടെസ്റ്റില്‍ സച്ചിന്റെ അവസാന സെഞ്ചുറി 2011 ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 146 റണ്‍സ് ആയിരുന്നു. അതിനു ശേഷം 11 ടെസ്റ്റില്‍ 20 ഇന്നിങ്‌സ് കളിച്ചെങ്കിലും ആറ് അര്‍ദ്ധ സെഞ്ചുറിയെ നേട്ടമായുള്ളൂ. 2011 ലോകകപ്പിന് ശേഷമുള്ള ഈ ടെസ്റ്റ് പരമ്പരകളില്‍ ഇംഗ്ലണ്ടിനെതിരെ 34.12, വെസ്റ്റ്ഇന്‍ഡീസിനെതിരെ 43.60, ഒടുവില്‍ ഓസ്‌ട്രേലിയക്കെതിരെ 35.87 എന്ന നിലയിലായിരുന്നു ശരാശരി. ഇംഗ്ലണ്ടിനെതിരേയും വെസ്റ്റ് ഇന്‍ഡീസിനെതിരേയും രണ്ട് ടെസ്റ്റുകളില്‍ സെഞ്ചുറിയുടെ പടിവാതില്‍ക്കല്‍ എത്തിയ സച്ചിന്‍ തൊണ്ണൂറുകളില്‍ പുറത്താവുകയായിരുന്നു.
ഒരു കാലത്ത് സച്ചിന്‍ കളിച്ചാല്‍ ഇന്ത്യ ജയിച്ചു എന്നു കരുതിയിരുന്ന സ്ഥാനത്ത് സച്ചിന്‍ സെഞ്ചുറി അടിച്ചാല്‍ ടീം തോല്‍ക്കും എന്ന ‘അന്ധ വിശ്വാസം’ രൂപപ്പെട്ടതും ഈ ദുര്‍ദശകാലത്താണ്. സച്ചിന്‍ അവസാന സെഞ്ചുറി നേടിയ നാഗ്പൂര്‍ ഏകദിനത്തില്‍ മാത്രമാണ് 2011 ലോകകപ്പില്‍ ഇന്ത്യ തോല്‍വിയറിഞ്ഞത്. അതിനു ശേഷം ഐപിഎല്ലില്‍ കൊച്ചി ടസ്‌ക്കേഴ്‌സിനെതിരെ സച്ചിന്‍ സെഞ്ചുറി നേടിയപ്പോഴും കൊച്ചി അട്ടിമറി ജയം നേടുകയായിരുന്നു. സച്ചിന്‍ വിരമിക്കണം എന്ന കടുത്ത ആവശ്യം പോലും ഈ കാലത്തിനിടെ ഉയര്‍ന്നു.
Follow us: pathram online
Leave a Comment