മീനച്ചിലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പാലാ: പരീക്ഷയക്കു ശേഷം കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍പ്പുക്കല്‍ മീനച്ചിലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച 12 മണിയോടെ മൃതദേഹം കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജില്‍ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ ചേര്‍പ്പുങ്കലിലെ കോളജിലായിരുന്നു പരീക്ഷ എഴുതിയിരുന്നത്. ശനിയാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ചേര്‍പ്പുങ്കലിലെ കോളജില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്.

കോളജില്‍ നിന്നും പുറത്തേക്ക് പോയ പെണ്‍കുട്ടി ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. പാലത്തില്‍ കുട്ടിയുടെ ചെരുപ്പും ബാഗും കണ്ടെത്തിയിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ ചാടിയ സ്ഥലത്തുനിന്നും 100 മീറ്റര്‍ അകലെ ചെമ്പിളാവ് ഭാഗത്തെ ചെക്ക്ഡാമിന് അടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആറ്റില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.

പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും മോശമായി പെരുമാറിയെന്നും ഹാള്‍ ടിക്കറ്റ് ബലമയി പിടിച്ചുവാങ്ങിയ ശേഷം കോളജില്‍ നിന്നും പുറത്താക്കിയെന്നും വീട്ടുകാര്‍ ആരോപിച്ചു. കോളജില്‍ നിന്നും ഇറങ്ങിയ ശേഷം ഒരു സുഹൃത്തിന്റെ മൊബൈലിലേക്ക് അയച്ച സന്ദേശമാണ് ആത്മഹത്യ ചെയ്തുവെന്ന സംശയം തോന്നാന്‍ കാരണം.

സെമസ്റ്ററിലെ അവസാന പരീക്ഷയായിരുന്നു ശനിയാഴ്ച. പരീക്ഷ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് എഴുതിക്കൊണ്ടിരുന്ന പേപ്പര്‍ തട്ടിപ്പറിച്ചെടുത്തതെന്നും ഇത് കോളജിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും മനസ്സിലായെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആരോപിച്ചു. ഇനി പരീക്ഷ എഴുതേണ്ടെന്നും അടുത്ത വര്‍ഷം എഴുതിയാല്‍ മതിയെന്നും പറഞ്ഞാണ് പേപ്പര്‍ എടുത്തത്.എന്നാല്‍ നന്നായി പഠിക്കുന്നയാളാണ് കുട്ടിയെന്നും കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നുമാണ് കുടുംബം പറയുന്നത്. കോളജില്‍ നിന്ന് പേടിച്ച് ഓടിവരുന്ന രീതിയിലാണ് കുട്ടിയെ സമീപത്തുള്ള ബേക്കറിയിലെ സിസിടിവിയില്‍ കണ്ടതെന്നും ബാഗും കുടയും കൈവശമില്ലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. കോളജില്‍ നിന്നും പുറത്താക്കിയതിന്റെ മനോവിഷമയത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ഹോള്‍ടിക്കറ്റില്‍ എഴുതിക്കൊണ്ടു വന്നു എന്നാണ് കോളജിന്റെ ആരോപണം. പരീക്ഷ പകുതിയായപ്പോള്‍ അധികൃതര്‍ അഞ്ജുഷാജിയെ പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. പെണ്‍കുട്ടി മനോവിഷമത്തില്‍ ഇറങ്ങുകയും തൊട്ടടുത്തുള്ള പാലത്തില്‍ കയറി താഴേയ്ക്ക് ചാടുകയുമായിരുന്നു എന്നാണ് നിഗമനം. എന്നാല്‍ എപ്പോഴും അദ്ധ്യാപകര്‍ പരിശോധിക്കുന്ന ഹാള്‍ടിക്കറ്റില്‍ കോപ്പി എഴുതിക്കൊണ്ടു വരാന്‍ തയ്യാറാകുമോ എന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നു. െ്രെപവറ്റ് റജിസ്‌ട്രേഷനില്‍ പരീക്ഷ എഴുതാന്‍ വന്ന കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജുഷാജി.

അതേസമയം, ഇക്കാര്യത്തില്‍ കോളജ് അധികൃതരുടെ പ്രതികരണമെടുക്കാന്‍ ഇന്നലെയെത്തിയ മാധ്യമപ്രവര്‍ത്തകരെ കോളജില്‍ നിന്നും പുറത്താക്കിയിരുന്നു. പറയാനുള്ളത് സര്‍വകലാശലയോട് അറിയിക്കുമെന്നാണ് കോളജ് അധികൃതരുടെ നിലപാട്.

കോളജ് അധികൃതരോട് വിശദീകരണം തേടിയതായി എം.ജി യൂണിവേഴ്‌സിറ്റിയും വ്യക്തമാക്കി.

Follow us: pathram online

pathram:
Related Post
Leave a Comment