കൊറോണാവൈറസ് എന്തുകൊണ്ടാണ് ചിലരില്‍ അവഗണിക്കാവുന്ന രോഗലക്ഷണളോടെ വന്നുപോകുന്നത്? ഇതേ രോഗം തന്നെ വേറെ ചിലരെ മരണത്തിലെത്തിക്കുകയും ചെയ്യുന്നു. ഇതിന്റെ രഹസ്യം കണ്ടെത്താനായി ജനിതകശാസ്ത്രകാരന്മാര്‍ ഡിഎന്‍എയില്‍ നടത്തിയ അന്വേഷണങ്ങളില്‍ ചില കാരണങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ നടത്തിയ പഠനത്തില്‍ ജനിതക വ്യതിയാനങ്ങളും കൊറോണാവൈറസ് ഉണ്ടാക്കുന്ന കോവിഡ്19 രോഗവും തമ്മില്‍ ചില ബന്ധങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനിതകഘടനയില്‍ (genome) രണ്ടിടങ്ങളില്‍ കണ്ട സവിശേഷത, ചിലരില്‍ ശ്വാസതടസം വര്‍ധിപ്പിക്കുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. ഇവയില്‍ ഒരിടം, ഏതു തരം രക്തമാണ് ഒരാള്‍ക്കുള്ളതെന്ന് നിര്‍ണ്ണയിക്കുന്ന ജീന്‍ ആണ്. ടൈപ്എ രക്തമാണ് ഉള്ളതെങ്കില്‍ അത് രോഗത്തിന്റെ തീവ്രത 50 ശതമാനം വര്‍ധിക്കുമെന്നാണ് പറയുന്നത്. ഇത്തരം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടതായി വരികയോ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടതായി വരികയോ ചെയ്യാമെന്നാണ് പഠനം പറയുന്നത്.
കൊറോണാവൈറസ് മനുഷ്യകോശത്തിന്റെ മുകളിലുള്ള എസിഇ2 എന്നൊരു പ്രോട്ടീനിലേക്ക് ചേരുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കോശത്തിലേക്കു കടക്കുന്നു. എന്നാല്‍, എസിഇ2ല്‍ ഉള്ള വ്യതിയാനം കോവിഡ്19 തീവ്രമായിത്തീരുമോ എന്നുള്ള സൂചന തരുന്നുമില്ലെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ നിന്നു മനസിലാക്കേണ്ട ഒരു പ്രധാന കാര്യം, ഇതുവരെ പഠിക്കാത്ത ചില ഘടകങ്ങളായിരിക്കാം അധികം പേരെയും മരണത്തിലേക്ക് തള്ളിവിടുന്നത് എന്നാണ്.
ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് കെയ്‌ലില്‍ മോളിക്യുലര്‍ ജെനറ്റിസിസ്റ്റ് ആയ ആന്‍ഡ്രെ ഫ്രാങ്ക് അടക്കമുള്ള ആളുകളാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ വിശ്വാസ്യത ലോകമെമ്പാടുമുള്ള മറ്റു ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണാവൈറസ് മാരകമാകാനുള്ള ചില കാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു പ്രായം, ഗുരതരമായ രോഗങ്ങള്‍ തുടങ്ങിയവയാണത്. ഇപ്പോള്‍ പീയര്‍ റിവ്യൂ നടന്നു വരുന്ന പുതിയ പഠന പ്രകാരം ഡിഎന്‍എ പരിശോധനയിയലൂടെ ഏതു രോഗിക്കാണ് കൂടുതല്‍ തീവ്രപരിചരണം നല്‍കേണ്ടി വരിക എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഹായിച്ചേക്കുമെന്നു പറയുന്നു. ഇത്തരത്തില്‍ ചില ജീനുകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നു കണ്ടെത്താനായാല്‍ അത് മരുന്ന് ഉണ്ടാക്കുന്നവര്‍ക്കും മാര്‍ഗദര്‍ശിയാകാം. ഫ്രാങ്കും സഹ ഗവേഷകരും സ്‌പെയ്‌നിലെയും ഇറ്റലിയിലെയും ചില ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് തങ്ങളുടെ പഠനം ഫെബ്രുവരി മുതല്‍ നടത്തിവന്നത്. വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നതോ, ഓക്‌സിജന്‍ നല്‍കേണ്ടിവന്നതോ ആയ രോഗികളുടെ രക്ത സാംപിളുകള്‍ ശേഖരിച്ച് ഡിഎന്‍എ വേര്‍തിരിച്ചെടുത്ത്, ജീനോടൈപ്പിങ് (gentoyping) എന്ന ദ്രുത ടെക്‌നിക് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് തങ്ങളുടെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഗവേഷകര്‍ ഓരോ രോഗിയുടെയും 300 കോടി ജനിതക ലെറ്റേര്‍സ് (genetic letters) സീക്വന്‍സിങ് നടത്തിയില്ല. മറിച്ച് അവര്‍ ഏകദേശം 90 ലക്ഷം ലെറ്റേര്‍സാണ് പരിശോധിച്ചത്. തുടര്‍ന്ന് അവര്‍ രക്തം ദാനം ചെയ്ത കോവിഡ്19 ഇല്ലാത്ത 2,205 പേരില്‍ ജനിതക സര്‍വെ നടത്തി. രോഗികളുടെ ജീനോമുകളില്‍ ലോസായ് (loci- ലോക്കീ എന്നും ഉച്ചാരണമുണ്ട്) എന്ന് അറിയപ്പെടുന്ന കലകള്‍ക്കായി ഗവേഷകര്‍ അന്വേഷണം നടത്തി. പിന്നീട് രോഗമില്ലാത്തവരുടെ സാംപിളുമായി ഒത്തു നോക്കി. ഗുരുതരമായ രോഗമുള്ളവരില്‍ സമാനമായ രണ്ടെണ്ണം കണ്ടെത്തി. ഇത്തരത്തിലൊന്നാണ് നമുക്ക് ഏതുതരം രക്തമാണ് ഉള്ളതെന്നത് നിര്‍ണ്ണയിക്കുക. ഈ ജീനാണ് രക്തകോശങ്ങളുടെ പുറത്ത് ഏതു മോളിക്യൂളുകളാണ് ഉണ്ടാകുക എന്നു നിര്‍ണ്ണയിക്കുന്ന പ്രോട്ടീനുകള്‍ സൃഷ്ടിക്കുന്നത്. ഇതില്‍ നിന്നാണ് ടൈപ്എ രക്തം പ്രശ്‌നമായേക്കാമെന്ന കണ്ടെത്തല്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഇതാദ്യമായല്ല ടൈപ്എ രക്തത്തിന്റെ പങ്കിനെക്കുറിച്ചുള്ള സംശയം ഉയരുന്നത്. നേരത്തെ ഇക്കാര്യത്തില്‍ പഠനം നടത്തിയ ചൈനീസ് ശാസ്ത്രജ്ഞരും ടൈപ്എ രക്തമുള്ളവര്‍ക്ക് കോവിഡ്19 തീവ്രമായേക്കാമെന്ന നിരീക്ഷണം നടത്തിയിരുന്നു.
എന്നാല്‍, ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് തനിക്കു മനസിലാകുന്നില്ലെന്ന് ഫ്രാങ്ക് പറയുന്നു. ചൈനക്കാരുടെ പഠനവും ഏതാണ്ട് സമാനമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നതെന്നത് തങ്ങള്‍ക്ക് കുറച്ച് സാന്ത്വനം നല്‍കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്ന ചോദ്യം തന്നെ വളരെ അസ്വസ്ഥനാക്കുന്നതായി അദ്ദേഹം പറയുന്നു.
രക്തത്തിന്റെ ടൈപ് നിര്‍ണ്ണയിക്കുന്ന ജീന്‍ ഇരിക്കുന്നിടത്തുള്ള ലോക്കസില്‍ (locus) ഒരു നിര ഡിഎന്‍എ ഉണ്ട്. ഇത് ഒരു പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജീനിന് ഓണ്‍ഓഫ് സ്വിച്ച് പോലെ പ്രവര്‍ത്തിക്കുന്നു. ഇതാണ് കടുത്ത പ്രതികരണങ്ങള്‍ നടത്തുന്നത്. കൊറോണാവൈറസ് ആക്രമിക്കമ്പോള്‍ രോഗപ്രതിരോധ വ്യൂഹം ചിലരില്‍ കടുത്ത പ്രതികരണം നടത്തുന്നു. ഇതാണ് വലിയ നീര്‍ക്കെട്ടലും ശ്വാസകോശ തകരാറും ഉണ്ടാക്കുന്നത്. ഇതാണ് സൈറ്റോകൈന്‍ കൊടുങ്കാറ്റ് (cytokine storm) എന്ന് അറിയപ്പെടുന്നത്. തത്വത്തില്‍ പറഞ്ഞാല്‍ ജനിതക വ്യതിയാനം ഓരോരുത്തരിലും കൊറോണാവൈറസിന്റെ ആക്രമണം വ്യസ്തസ്തമാക്കുന്നു.
രണ്ടാമത്തെ ലോക്കസ് ക്രോമോസോം 3 യിലാണ് കണ്ടെത്തിയത്. ഇതിന് കോവിഡ്19മായി കൂടുതല്‍ ശക്തമായ ബന്ധമാണ് ഉള്ളത് എന്നാണ് ഫ്രാങ്കും മറ്റു ഗവേഷകരും പറയുന്നത്. എന്നാല്‍, ആ സ്ഥലത്ത് ആറു ജീനുകളാണ് ഇരിക്കുന്നത്. ഇവയില്‍ ഏതാണ് കോവിഡ്19നെ ബാധിക്കുന്നത് എന്ന് കണ്ടെത്താനായിട്ടില്ലെന്നു ഗവേഷകര്‍ പറയുന്നു.
രാജ്യാന്തര തലത്തില്‍ ‘കോവിഡ്19 ഹോസ്റ്റ് ജെനറ്റിക്‌സ് ഇനിഷ്യേറ്റീവ്’ എന്നൊരു സംരംഭം ഉണ്ട്. ഫ്രാങ്കും സഹപ്രവര്‍ത്തകരും ഇവരുമായി സഹകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ 48 രാജ്യങ്ങളിലായി ആയിരത്തിലേറെ ഗവേഷകര്‍ രോഗികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് ഗവേഷണം നടത്തിവരികയാണ്. ഇതു സംബന്ധമായി കൂടുതല്‍ കണ്ടെത്തലുകള്‍ അധികം താമസിയാതെ നടത്താനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
Follow us: pathram online
Leave a Comment