തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ തിങ്കളാഴ്‌ച ആരംഭിക്കും. വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയ ക്ലാസുകളുടെ പുനഃസംപ്രേഷണം ജൂൺ ഒന്നുമുതലുള്ള അതേക്രമത്തിലാണ് തിങ്കളാഴ്‌ച മുതൽ നടത്തുക. രണ്ടാംഘട്ട ട്രയലിന് മുന്നോടിയായി ഞായറാഴ്‌ച രാവിലെ പൊതുവിദ്യാഭ്യാസമന്ത്രി അധ്യാപകസമൂഹത്തെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്‌തു.
അടുത്ത മൂന്ന് ദിവസത്തിനകം മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ അധ്യാപകർ രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യർഥിച്ചു.
സ്‌കൂളിനോ അവിടത്തെ ക്ലാസുകൾക്കോ ബദലല്ല ഓൺലൈൻ ക്ലാസുകൾ. താൽക്കാലിക സംവിധാനം മാത്രമാണ്. സ്‌കൂൾ തുറക്കുന്ന മുറയ്‌ക്ക് സാധാരണപോലെ ക്ലാസുകൾ ആരംഭിക്കാനാകും. ഒന്നാംഘട്ട ട്രയലിന്റെ വിജയാനുഭവത്തിൽനിന്ന് അതിനേക്കാൾ ഗംഭീരമായി രണ്ടാംഘട്ടത്തിൽ ഓൺലൈൻ പഠനം വിജയിപ്പിക്കാനാകും. ഏത് കുട്ടിക്കാണ് ഇനി ഓൺലൈൻ പഠനസംവിധാനം ലഭ്യമാകാനുള്ളതെന്ന് തിങ്കളാഴ്‌ചതന്നെ അധ്യാപകർ കണ്ടെത്തണം.
പ്രദേശത്തെ രാഷ്ട്രീയ നേതാക്കൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, പ്രമുഖ വ്യക്തികൾ, സന്നദ്ധ സംഘടനാഭാരവാഹികൾ എന്നിവരെ സമീപിച്ച് പഠനസൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കാൻ അഭ്യർഥിക്കണം. കുട്ടികൾക്ക് ടിവി സ്‌പോൺസർ ചെയ്യാൻ ഒട്ടേറെ സംവിധാനം ഉണ്ട്. ഇത് പൂർത്തിയായാൽ യഥാർഥ ക്ലാസുകൾ ആരംഭിക്കുമെന്നും ആർക്കും പഠനം നഷ്ടമാകില്ലെന്നും പൊതു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
Leave a Comment