ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്ന് പ്രചാരണം

പാക്കിസ്ഥാനില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത വിവരം. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല. സമൂഹമാധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജബീന്‍ ഷെയ്ഖിനും കോവിഡെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദാവൂദിന്റെ സുരക്ഷാഗാര്‍ഡുകളെയും പരിചാരകരെയും ക്വാറന്റീനിലാക്കിയിരിക്കുകയാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇതു ശരിയല്ലെന്ന് ദാവൂദിന്റെ സഹോദരനും അധോലോക സംഘമായ ഡി കമ്പനിയുടെ മേധാവിയുമായ അനീസ് ഇബ്രാഹിം വാര്‍ത്ത ഏജന്‍സിയോടു വെളിപ്പെടുത്തി.

ഇതാദ്യമായല്ല, ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത പരക്കുന്നത്. മുംബൈ സ്‌ഫോടനക്കേസ് അടക്കം ഇന്ത്യയിലെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ദാവൂദ് കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരമാണു വെള്ളിയാഴ്ച പുറത്തുവന്നത്. ദാവൂദ് രാജ്യത്തില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

pathram:
Related Post
Leave a Comment