ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കാന്‍ വേണ്ടിയാണ് ചിത്രം പോസ്റ്റു ചെയ്യുന്നതെന്ന്…; ചുട്ടമറുപടിയുമായി നടി

പരിഹസിക്കാനും ആക്ഷേപിക്കാനും ശ്രമിച്ച വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് ബോളിവുഡ് താരം ചാരു അസോപ. വിശ്വസുന്ദരി സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നിനെ വിവാഹം കഴിച്ച 32 വയസ്സുള്ള താരം പരമ്പരകളിലൂടെയാണ് ശ്രദ്ധേയയായത്. നടിയുടെ കുറിക്കു കൊള്ളുന്ന മറുപടി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.

ലോക് ഡൗണിനെത്തുടര്‍ന്ന് പുറത്തേക്ക് പോകാനാവാത്തതിനാല്‍ കുറേനാളായി ചാരുവിന് തന്റെ മികച്ച വേഷങ്ങള്‍ അണിയാന്‍ ആയിട്ടില്ല. ഈ കുറവ് പരിഹരിക്കാന്‍ വീട്ടിലിരുന്ന് വേഷങ്ങള്‍ അണിഞ്ഞ് അവയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചാരു പോസ്റ്റ് ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഏറെയിഷ്ടപ്പെട്ട ക്രോപ് ജാക്കറ്റും കറുത്ത പാന്റ്‌സും അണിഞ്ഞ് കിടപ്പുമുറിയില്‍നിന്ന് ഹാളിലേക്കു പോകുന്ന ചാരുവിനെയാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. വേഷത്തിനനുസരിച്ച് ചുണ്ടുകളില്‍ കടുംചുവപ്പ് ലിപ്സ്റ്റിക് ഇടാനും താരം മറന്നിട്ടില്ല. ചിത്രം ഉടനടി തന്നെ ചാരു പോസ്റ്റ് ചെയ്തു. കമന്റുകളും എത്തി. എന്നാല്‍ ഒരു കമന്റ് ചാരുവിനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കാന്‍ വേണ്ടിയാണ് ചാരു ചിത്രം പോസ്റ്റ് ചെയ്തത് എന്നായിരുന്നു കമന്റ്. പെട്ടെന്നുതന്നെ എത്തി ചാരുവിന്റെ മറുപടി.

എന്റെ ശരീരം നല്ലതാണ്. അതുകൊണ്ടല്ലേ ഞാനത് പുറത്തുകാണിച്ചത്. അതു കാണാന്‍ ആള്‍ക്കാരുമുണ്ട്. എനിക്കുള്ളതല്ലേ ഞാന്‍ പുറത്തുകാണിച്ചത്. നിങ്ങള്‍ക്ക് പുറത്തുകാണിക്കാന്‍ എന്തെങ്കിലും നല്ലതുണ്ടെങ്കില്‍ കാണിക്കൂ

ഈ വേഷവുമായി ഞാന്‍ പ്രണയത്തിലാണ് എന്ന അടിക്കുറിപ്പോടുകൂടിയാണ് ചാരു തന്റെ മികച്ച വേഷം നിഷ്‌കളങ്കമായി പോസ്റ്റ് ചെയ്തത്. എന്നാല്‍ മറുപടി അവരെ പ്രകോപിപ്പിക്കുകയായിരുന്നു. ശരീരം പുറത്തുകാണിക്കാന്‍ മടിയില്ലെന്ന അവകാശവാദത്തെ ഉറപ്പിച്ചുകൊണ്ട് ചാരു താന്‍ മികച്ച വേഷത്തില്‍ നില്‍ക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തു. ബോളിവുഡിലെ പ്രശസ്ത ഗാനത്തിനൊത്ത് ചുവടു വയ്ക്കുന്നതായിരുന്നു വിഡിയോ.

താരത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിറയെ വിവിധ രീതിയിലുള്ള വ്യായാമങ്ങളുടെ ചിത്രങ്ങളാണ്. കഴിഞ്ഞ ജൂണിലാണ് ചാരുവും രാജീവ് സെന്നും വിവാഹിതരായത്. ടെലിവിഷന്‍ ചാനലുകളിലെ വ്യത്യസ്ത പരമ്പരകളിലൂടെ പ്രശസ്തയാണ് ചാരു അസോപ.

Follow us- pathram online

pathram:
Related Post
Leave a Comment